മേപ്പാടി : ലോക വനിതാ ദിനത്തില്‍, ശാസ്ത്രീയവും നൂതനവുമായ പരിശോധനാമാര്ഗ്ഗങ്ങളും ചികിത്സകളും ഉറപ്പുവരുത്തുന്നതോടൊപ്പം ഓരോ സ്ത്രീയും ആരോഗ്യത്തോടും ചുറുചുറുക്കോടെയും ജീവിക്കാന്‍ വേണ്ട പരിചരണവും ഉറപ്പാക്കികൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി ഡി.എം വിംസില്‍ വുമണ്‍ വെല്‍നെസ്സ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളടങ്ങിയ മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. കൗമാര പ്രായക്കാരുടെ ഗര്‍ഭാശയ രോഗ ചികിത്സ, ഗര്‍ഭാശയ കാന്‍സര്‍ പരിശോധന, സ്തനാര്‍ബുദ പരിശോധന, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ചികിത്സ, ഹോര്‍മോണ്‍ റീപ്ലെയ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. അടിവയറില്‍ വേദന, വയര്‍ പരിധിക്കപ്പുറത്തേക്ക് വീര്‍ത്തുവരിക, ക്രമം തെറ്റിയ ആര്‍ത്തവം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മാറില്‍ മുഴകളോ വേദനയോ നീരോ തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍ വുമണ്‍ വെല്‍നെസ്സ് ക്ലിനിക്കിന്റെ സേവനം തേടാവുന്നതാണ്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. മൂപ്പന്‍സ് അക്കാദമി ട്രസ്റ്റിയും ഡോ. ആസാദ് മൂപ്പന്റെ മകളുമായ ഡോ. സെബ മൂപ്പന് നിര്‍വ്വഹിച്ചു. ഡീന്‍ പ്രൊഫസര്‍. ശേഷ്ഗിരി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരയണന്, ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. കെ.ടി ദേവാനന്ദ്, സ്ത്രീരോഗ വിഭാഗം മേധാവി ഡോ. അമിത, നേഴ്സിംഗ് സൂപ്രണ്ട് മേജര്‍ ബീനമാത്യൂ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: