നിലമ്പൂര്‍: നിലമ്പൂര്‍ ഗവ.കോളേജ് സംബന്ധിച്ച് മൂന്നാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിലമ്പൂരിന് അനുവദിച്ച സര്‍ക്കാര്‍ കോളേജ് അട്ടിമറിച്ചതിനെതിരെ സിപിഐ നേതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും അടങ്ങിയ ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നിലമ്പൂരിനു സമീപം സര്‍ക്കാര്‍ കോളേജില്ലാത്തതും വിദ്യാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസത്തിന് ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നതായും കോടതി നിരീക്ഷിച്ചു.
ഈ അധ്യയനവര്‍ഷം തന്നെ കോളേജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാക്കളായ ജോസ്.കെ.അഗസ്റ്റിനും എം.മുജീബ് റഹ്മാനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ആര്യാടന് മുഹമ്മദ് മന്ത്രിയായിരിക്കെ 2016 ഫെബ്രുവരി ഒമ്പതിനാണ് നിലമ്പൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിച്ച് ഉത്തരവിറക്കിയത്. 18 ഏക്കര്‍ ഭൂമിയുള്ള നിലമ്പൂര്‍ മാനവേദന് സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും അഞ്ച് ഏക്കര്‍ കോളേജിനു വിട്ടുനല്‍കാനും തീരുമാനമായി. കോളേജിന്റെ പ്രവര്‍ത്തനത്തിന് കൊണ്ടോട്ടി സര്‍ക്കാര്‍ കോളേജിലെ അറബിക് അസിസ്റ്റന്റ് പ്രഫസര്‍ എം.പി സമീറയെ സ്പെഷല്‍ ഓഫീസറായും നിയമിച്ചു. മാനവേദന് സ്കൂള്‍ കെട്ടിടത്തില്‍ കോളേജ് ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് പ്രവര്‍ത്തനത്തിന് ക്ലര്‍ക്കിനെയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അഞ്ചു കോഴ്സുകള്‍ക്ക് അപേക്ഷയും നല്കി. കോളേജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ വാടക കെട്ടിടം ഒരുക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ഭരണമാറ്റമുണ്ടായി ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുന്‍ സര്‍ക്കാരിന്റെ അവസാനകാല ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനക്ക് വിട്ടു. പി.വി.അന്‍വര്‍ എംഎല്‍എയും സിപിഎമ്മും മാനവേദന് സ്കൂളില്‍ കോളേജ് വരുന്നതിനെതിരെ നിലപാടെടുക്കുകയായിരുന്നു. പകരം പൂക്കോട്ടുംപാടത്ത് അഞ്ചേക്കര്‍ കണ്ടെത്തി അവിടെ കോളേജ് സ്ഥാപിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം മുന്‍ സര്‍ക്കാര്‍ അനുവദിച്ച നാലു കോളേജില്‍ മൂന്ന് എയ്ഡഡ് കോളേജുകളും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. കാട്ടിലങ്ങാടി ശിഹാബ് തങ്ങള്‍ കോളേജ്, പാലക്കാട് കപ്പൂര്‍ എന്‍എസ്എസ് കോളേജ്, തിരുവനന്തപുരം മുളയറ കോളേജ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങിയത്.
നിലമ്പൂരിലെ സര്‍ക്കാര്‍ കോളേജിന്റെ കാര്യത്തില്‍ തീരുമാനമാകാഞ്ഞതോടെ നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് നിവേദനം നല്‍കിയിരുന്നു. നിവേദന സംഘത്തില്‍ നിന്നും സിപിഎം വിട്ടു നിന്നപ്പോള്‍ സി.പി.ഐ പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: