പാലക്കാട് : പറമ്പിക്കുളം-ആളിയാര്‍ ഡാമുകളില്‍ നിന്നും ജലം വിട്ടുനല്‍കുന്നതിന് തമിഴ്നാടുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമുകളുടെ ജലവിതരണ റഗുലേറ്ററുകള്ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സുരക്ഷ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള സമരങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാരൂടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടക്കുന്നുണ്ട്.
ഡാമില്‍ നിലവിലെ ജലലഭ്യതയ്ക്കനുസരിച്ച് കൃത്യമായി ജലം വിതരണം ചെയ്യണം. സുരക്ഷയുടെ ഭാഗമായി ചിറ്റൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടറുടെ നിയന്ത്രണത്തില്‍ പൊലീസ് സേന ക്യാമ്പ് ചെയ്യും.
പറമ്പിക്കുളം – ആളിയാര്‍ കരാര്‍പ്രകാരമുള്ള വെള്ളം തമിഴ്നാട് വിട്ടുതന്നില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കരാറില്‍ പറഞ്ഞിട്ടില്ല എന്നതാണ് തമിഴ്നാടുമായി തര്‍ക്കത്തിന് കാരണമാവുന്നത്. നിലവില്‍ ശിരുവാണി ഡാമില്‍ നിന്ന് കേരളം തമിഴ്നാടിന് ജലം വിട്ടുനല്‍കുന്നുണ്ട്. അതുപ്രകാരം ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 200 ദശലക്ഷം ഘനയടിയില്‍ നിന്ന് 460 ദശലക്ഷം ഘനയടിയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു.
ശിരുവാണിയില്‍ നിന്നുള്ള ജലവിതരണം തടസ്സപ്പെടുത്തി തമിഴ്നാടിനെ സമ്മര്‍ദ്ധത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: