ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതു കാരണം സംസ്ഥാനത്തു വെയിലത്തു നിന്നു പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവരുടെ തൊഴില്‍ സമയം ക്രമീകരിച്ചു ലേബര്‍ കമ്മിഷണര്‍ ഉത്തരവായി. ഏപ്രില്‍ 30 വരെ, പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്‌ക്കു 12 മുതല്‍ ഉച്ചയ്‌ക്കു ശേഷം മൂന്നുവരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്‌ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്‌ക്കു 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ടു മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു. നിര്‍ദേശം തൊഴിലുടമകളും കരാറുകാരും പാലിക്കണമെന്നു ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. സൂര്യാതപം ഏല്‍ക്കുന്നതിനു സാധ്യതയില്ലാത്ത, സമുദ്രനിരപ്പില്‍ നിന്നു 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
















