ബത്തേരി :രൂക്ഷമായ വരള്ച്ചയെതുടര്ന്നുണ്ടാകുന്ന കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പ് നൂതന സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തിയതായി ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ്. അലര്‍ട്ടായി നല്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കാട്ടുതീ പടര്‍ന്ന സ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി ആ വിവരം ഉടനെ അതതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്.എം.എസ്. അലര്‍ട്ടായി നല്കി വരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തര നടപടി കൈകൊള്ളാനും കഴിയുന്നു. ഇക്കോ ഡെവലപ്പമെന്റ് കമ്മിറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ സേവനവും കാട്ടുതീ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വനം ഡിവിഷനുകളില്‍ തീ കെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍തന്നെ കണ്ട്രോള് റൂമിലേയ്ക്ക് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: