പൂക്കോട്ടുംപാടം: കോട്ടപ്പുഴയില്‍ കയ്യേറ്റം വ്യാപകം. ഇതിനെതിരെ നാട്ടുകാര്‍ പുഴ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചോക്കാട്, അമരമ്പലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായ കോട്ടപ്പുഴ വര്‍ഷങ്ങളായുള്ള കയ്യേറ്റം മൂലം ഇല്ലാതായികൊണ്ടിരിക്കുകയാണ്.
പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നെല്ലിയമ്പാടം, അമ്പലക്കുണ്ട് ഭാഗങ്ങളില്‍ മാത്രം ഏക്കര്‍ കണക്കിന് സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പുഴയിലേക്ക് കരിങ്കല്ല് ഇറക്കിയിടുന്നതാണ് കയ്യേറ്റത്തിന്റെ ആദ്യപടി. മഴക്കാലത്ത് പുഴ കരിങ്കല്‍ കൂട്ടത്തില്‍ തട്ടി തിരിഞ്ഞൊഴുകുമ്പോള് ആ ഭാഗം കരയായി മാറും.
തുടര്‍ന്ന് അടുത്ത വേനലില്‍ ഈ സ്ഥലം വാഴ നടാനോ പച്ചക്കറി കൃഷി ചെയ്യാനോ പാട്ടത്തിന് നല്‍കും. പാട്ടമായി ആവശ്യപ്പെടുന്നത് കൃഷിയുടെ ഇടയില്‍ കമുക്, തെങ്ങ്, റബ്ബര്‍ തുടങ്ങിയവ വച്ച് കൊടുക്കുക എന്നുള്ളതാണ്. കൃഷിയുടെ ഇടയിലായതിനാല്‍ ആരും ശ്രദ്ധിക്കുകയുമില്ല. ഇതുകാരണം പുഴയുടെ മറുകരയിലുള്ള നിരവധി പേരുടെ കൃഷി സ്ഥലങ്ങള്‍ ഇടിഞ്ഞ് നഷ്ടമാകുകയും ചെയ്യും. ആ ഭാഗത്തുള്ളവര്‍ കൂടി ഇതേ രീതി തുടര്‍ന്ന സ്ഥലങ്ങളില്‍ പുഴ മെലിഞ്ഞ് വീതി വളരെ കുറഞ്ഞ സ്ഥിതിയിലാണ്. വഴിമാറി ഒഴുകുമ്പോള്‍ പുഴയുടെ ആഴം കുറയുകയും സംഭരണ ശേക്ഷി നഷ്ടമാകുകയും ചെയ്യുമെന്നതാണ് കയ്യേറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
ഇത് സമീപ പ്രദേശങ്ങളിലെ ജലലഭ്യതക്ക് കുറവുണ്ടാക്കുന്നു. വേനല്‍ കടുത്തതോടെ സമീപ പ്രദേശങ്ങളിലെ നിരവധി കിണറുള് വറ്റിവരണ്ടു. കയ്യേറ്റം മൂലം അമരമ്പലം പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിലും കുറവ് സംഭവിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇരുപഞ്ചായത്തുകളും നടപടികളൊന്നുമെടുക്കാത്ത സ്ഥിതിക്ക് ജില്ലാകലക്ടര്‍, റവന്യൂ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കാനും മറ്റ് സമരപരിപാടികള്ക്കുമാണ് ജനകീയ സമിതിയുടെ തീരുമാനം.
അമരമ്പലം ഗ്രാമപഞ്ചായത്തംഗം വിനോദ് ജോസഫ്(ചെയര്മാന്), വെള്ളോലി മോഹന്‍ദാസ് (കണ്‍വീനര്‍), രാജേഷ് പൂവത്തിക്കല്‍, ടി.കെ.അഭിലാഷ് തുടങ്ങിയവര്‍ ഭാരവാഹികളായാണ് സംരക്ഷണ സമിതി രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: