നിലമ്പൂര്‍: പുതിയതായി നിര്‍മ്മിക്കുന്ന നിലമ്പൂര്‍ സിവില്‍ സറ്റേഷന് ഇന്ന് ശിലയിടും. ഇന്ന് രാവിലെ 10ന് പി.വി.അന്‍വര്‍ എംഎല്‍എ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കാനിരിക്കെ വിവാദങ്ങളും കൊഴുക്കുകയാണ്. പ്രോട്ടോകോള്‍ ലംഘിച്ച് അച്ചടിച്ച പരിപാടിയുടെ നോട്ടീസ് ശിലാസ്ഥാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മാറ്റി അച്ചടിച്ചു. വണ്ടൂര്‍, ഏറനാട് എംഎല്‍മാരെയും, എംപിമാരായ എം.ഐ.ഷാനാവാസ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. പി.വി.അന്‍വര്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് ശിലാസ്ഥാപന ചടങ്ങ് പാര്‍ട്ടി സമ്മേളനമാക്കി മാറ്റുകയാണെന്ന് ആരോപണമുയരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ നോട്ടീസ് തിരുത്തുകയായിരുന്നു. എ.പി.അനില്‍കുമാര്‍, എം.ഐ.ഷാനാവാസ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവരെ പുതിയ നോട്ടീസില്‍ ഉള്‍പ്പെടുത്തിയെങ്കിലും പി.കെ.ബഷീറിനെ വീണ്ടും തഴഞ്ഞു. ഒരുകാരണവശാലും പി.കെ.ബഷീറിന്റെ പേര് നോട്ടീസില്‍ വെക്കരുതെന്ന് പി.വി.അന്‍വര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു. വണ്‍മാന്‍ഷോ നടത്തി വിഡ്ഢിത്തരങ്ങള്‍ മാത്രം ചെയ്യുന്ന പി.വി.അന്‍വറിന്റെ കരങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊതുവെയുള്ള ആക്ഷേപം. അത് ശരിവെക്കുന്ന രീതിയിലാണ് മഞ്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രതികരിച്ചത്. നോട്ടീസിലടിക്കാനുള്ള പേരുകള്‍ നല്‍കിയത് എംഎല്‍എയുടെ ഓഫീസില്‍ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐയുടെ മന്ത്രിയാണ് സിവില്‍ വകുപ്പ് ഭരിക്കുന്നത് ചടങ്ങിലേക്ക് സിപിഐ പ്രതിനിധിയെ പോലും ക്ഷണിക്കാത്തത് എല്‍ഡിഎഫിനകത്തും പ്രശ്നമായിട്ടുണ്ട്. ചെറുകിട പാര്‍ട്ടി നേതാക്കന്മാര് വരെ നോട്ടീസില്‍ ഇടംപിടിച്ചപ്പോള്‍ ജനപ്രതിനിധികളും മുന്നണിയിലെ രണ്ടാം കക്ഷിയും ഒഴിവായതാണ് നിലമ്പൂരിലെ ചര്‍ച്ചാ വിഷയം. ചന്തക്കുന്ന് വെളിയംതോട്ടിലാണ് പുതിയ സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നത്. 1.20 ഏക്കര്‍ സ്ഥലത്ത് 15.25 കോടിരൂപ മുടക്കി നിര്‍മ്മിക്കുന്ന അഞ്ച് നിലകെട്ടിടത്തിലായിരിക്കും ഇനി 36 ഓളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: