മാനന്തവാടി : വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്ക്കാരത്തിന്റെ തെളിമ പകര്‍ന്നുനല്‍കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് അമ്മ. മാനന്തവാടിയില്‍ നടക്കുന്ന ബ്രഹ്മ സ്ഥാനമഹോത്സവത്തില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സകല ജീവരാശികളുടെയും അഖണ്ഡതയെ കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. ജിംനേഷ്യത്തില്‍ പോയി കൈയുടെ മസില് കൂട്ടാനുള്ള വ്യായാമം ചെയ്യലല്ല വിദ്യാഭ്യാസം, അങ്ങനെയായാല്‍ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ ശോഷിക്കും. ഇതുപോലെ ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉത്പ്പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളതെന്നും അമ്മ പറഞ്ഞു. എനിക്ക് ജയിക്കണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞാന്‍ ഞാന്‍ എന്നാണ് എല്ലാവരുടെയും മന്ത്രം. ഫലം കാംഷിച്ച് കര്‍മ്മം ചെയ്യുമ്പോള്‍ എന്ത് ഹീനപ്രവൃത്തിക്കും മടിവരില്ല, ഈ മത്സരബുദ്ധി മനുഷ്യനെ അപൂര്ണ്ണനാക്കുന്നു.
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാണ്. പൂര്‍വ്വികരുടെ വഴിയെ സഞ്ചരിച്ചാല്‍ ഇത് എളുപ്പമാകും. അവരുടെ ജീവിതചര്യ പ്രകൃതിസംരക്ഷണമായിരുന്നു. ആരാധനകളും ആചാരങ്ങളും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍നിന്ന് വേണ്ടതുമാത്രം എടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിതവ്രതമായിരുന്നു. തന്റെ വിശപ്പ് ശമിപ്പിക്കുമ്പോഴും അന്യജീവികളോട് അവര്‍ കാരുണ്യം കാട്ടി. ജീവിതം കാരുണ്യത്തിന്റെ അടിത്തറയിലാണ് കെട്ടിപടുക്കേണ്ടത്. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്കുന്ന ധനം. അതിര്വരമ്പുകലും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഢമായ ഏകത്വമാണ് ഈശ്വരനനെന്ന് അമ്മ ഉദ്ഘോഷിച്ചു. ഓരോ അണുവിലും ഈശ്വരചൈതന്യം ഉണ്ട്. സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍നിന്ന് തുടങ്ങണം. ക്രമേണ തിരകള്‍ വലുതായി ലോകം മുഴുവന്‍ ആശ്ലേഷിക്കും. മനുഷ്യന്റെ അകവും പുറവും അലമുറ ശബ്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. കാമവും ക്രോധവും മനുഷ്യനെ ഭരിക്കുന്നു. വിവേകമുള്ള മനുഷ്യര്‍ പരസ്പ്പരം കടിച്ചുകീറുന്നതിന് പരിഹാരം വേണമെന്നും അമ്മ പറഞ്ഞു.
ബ്രഹ്മ സ്ഥാന മഹോത്സവത്തിന്റെ രണ്ടാം ദിവസം ആറ് മണിക്ക് ധ്യാനത്തോടെയാണ് ആരംഭിച്ചു. അര്‍ച്ചന, രാഹു ദോഷ നിവാരണ പൂജ, അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവക്കുശേഷം ‘അമ്മയെ കാണാന്‍ എത്തിയ എല്ലാ ഭക്ത ജനങ്ങള്‍ക്കും ദര്‍ശനം നല്കി. രാവിലെ വേദിയില്‍ എത്തിയ അമ്മയെ സ്വാഗത സംഘം ചെയര്മാന് എന്‍. കെ.മന്മഥന്, മാനന്തവാടി നഗരസഭാംഗം ജോര്‍ജ് കളമ്പാട്ട്, ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു, വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്, ഡോ. വിജയകൃഷ്ണന്, രാധ വിജയകൃഷ്ണന് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി വേദിയില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: