എം.ഡി. ബാബുരഞ്ജിത്ത്
കരുനാഗപ്പള്ളി: ടിഎസ് കനാലിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. റോഡുകളിലെ തിരക്കും അപകടവും ഒഴിവാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചരക്കുനീക്കം സാധ്യമാക്കുന്നതിനുമായി കൊല്ലം മുതല്‍ കോട്ടപ്പുറം വരെ ദേശീയ ജലപാതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലിന്റെ ആഴം വര്‍ധിപ്പിച്ചതോടെയാണിത്.
കനാലിന്റെ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിങ്ങ് നടത്തിയപ്പോള്‍ ഇരുവശങ്ങിലെയും മണ്ണ് ഇടിഞ്ഞതാണ് സംരക്ഷണ ഭിത്തികള്‍ തകരാന്‍ കാരണം. ഇതുമൂലം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടേയും കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളുടെയും കനാലിന്റെ തീരപ്രദേശങ്ങളിലാണ് കൃഷിനാശമുണ്ടായത്. കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളില്‍ ഓരും ഉപ്പുവെള്ളവും കയറി ഉപയോഗപ്രദമല്ലാതായിട്ടുണ്ട്.
പാടശേഖരങ്ങളില്‍ കൃഷി നശിക്കുവാനുള്ള മറ്റൊരു കാരണം അധികൃതരുടെ അനാസ്ഥയാണ്. പാടശേഖരങ്ങളിലെ ജലം ക്രമീകരിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള ചീപ്പിന്റെ ഷട്ടറുകള്‍ മിക്ക ഇടങ്ങളിലും തകര്‍ന്ന നിലയിലാണ്.
ഇതുമൂലം വേലിയേറ്റ സമയങ്ങളില്‍ കായലില്‍ നിന്നുള്ള ഉപ്പുവെള്ളം കയറി നൂറുകണക്കിന് ഏക്കര്‍ വയലുകളിലാണ് കൃഷി ഇറക്കുവാന്‍ സാധിക്കാത്ത വിധമായത്.
കുലശേഖരപുരം പഞ്ചായത്തിലെ പറത്തോടത്ത് ക്ഷേത്രത്തിന് സമീപമായിട്ടുള്ള ചീപ്പ് പുനര്‍നിര്‍മ്മിക്കുന്നതിന് മേജര്‍ ഇറിഗേഷന്‍വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ കൈക്കൊണ്ടിട്ടില്ല.
കാര്ഷികവിളകളേറെ കൃഷി ചെയ്തിരുന്ന ഇവിടെ കൃഷി ഇറക്കാന്‍ സാധിക്കാത്തതും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണര്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലം ഉപയോഗ യോഗ്യമല്ലാതായതും തീരദേശവാസികളായവരുടെ ജീവിതത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: