വളാഞ്ചേരി: പുത്തനത്താണി, കാവുംപുറം ,വളാഞ്ചേരി ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി തമിഴ്നാട് കമ്പം സ്വദേശി പാണ്ഡ്യന് മകന് ബോസ്(45) കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. രണ്ടരകിലോ വീതമുള്ള കഞ്ചാവ് പൊതികള്‍ ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവിന്റെ മണം വരാതിരിക്കാന്‍ പൊതികളില്‍ കാപ്പിപൊടി വിതറിയിരുന്നു. സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ മുതല്‍ ഇയാളെ പിന്തുടര്ന്നാണ് പിടികൂടിയത്. വളാഞ്ചേരിയില്‍ വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറ്റിപ്പുറം എക്സൈസ് സംഘം ഇയാളെ അതിസാഹസികമായി ഇയാള കീഴ്പ്പെടുത്തി. കിലോഗ്രാമിന് പതിനായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാല്‍പ്പതിനായിരം രൂപക്കാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളാണ് ആവശ്യക്കാരേറെയും. പ്രതിയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങിക്കുന്ന ജില്ലയിലെ കഞ്ചാവ് വില്‍പ്പനക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അവരെയും പിടികൂടുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.എല്‍.ബിനുകുമാര്‍, മുഹമ്മദ് ഹാരിഷ് എന്നിവര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.അഭിലാഷ്, എസ്.ജി.സുനില്‍., അബ്ദുള്‍നാസര്‍, കെ.ജാഫര്‍, പി.ബിജു, രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.ഹംസ, ഷിഹാബ്, രാജീവ്കുമാര്‍, ഷിബു ശങ്കര്‍, സുനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: