ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് എല്‍.പി.സ്‌കൂളിന്റെ ജനല്‍ചില്ല് സാമൂഹ്യവിരുദ്ധര്‍ അടിച്ച് തടര്‍ത്തു. ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അക്രമം. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളടച്ച് അധ്യാപകര്‍ പോയ ശേഷം ഇന്നലെ സ്‌കൂളിലെത്തിയപ്പോഴാണ് കമ്പ്യൂട്ടര്‍ മുറിയുടെ ജനല്‍ ഗ്ലാസ് എറിഞ്ഞുടച്ച നിലയില്‍ കാണപ്പെട്ടത്. കമ്പ്യൂട്ടറിനു മുകളിലൂടെ ജനല്‍ ചില്ലുകള്‍ തെറിച്ചു വീണിട്ടുണ്ടെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ക്ലാസ് മുറി മുഴുവനും കുപ്പി ചില്ലു ചിതറികിടക്കുകയാണ്. ഏതാനും മാസം മുമ്പ് എറിഞ്ഞുടച്ച മറ്റ് ക്‌ളാസ് മുറികളുടെ ജനല്‍ചില്ലുകള്‍ മാറ്റി പുതിയത് സ്ഥാപിച്ച് നാളുകള്‍ക്കകം വീണ്ടും നശിപ്പിച്ചു.സ്‌കൂള്‍ കുട്ടികള്‍ പോയാലുടന്‍ തന്നെ മറ്റ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റും ഫുഡ്‌ബോളും കളിക്കാനായി സ്‌കൂള്‍ ഗ്രൗണ്ടിലെത്താറുണ്ട്.സ്‌കൂളിന്റെ ഭിത്തിയിലുടനീളം ക്രിക്കറ്റ് ബോള്‍ തറച്ചതിന്റെ പാടുകളുമുണ്ട്. അക്രമസംഭവത്തില്‍ അധികൃതരുടെ പരാതിയെതുടര്‍ന്ന് ഇടുക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ്.
















