പട്ടാമ്പി: തൃശ്ശൂര്‍-പാലക്കാട് ജില്ലകളിലെ ഇരുപതിലേറെ പഞ്ചായത്തുകള്‍ക്കും, മൂന്ന്നഗരസഭകള്ക്കും കുടിവെള്ളത്തിനും,കാര്‍ഷിക ജലസേചന സൗകര്യത്തിനുമായി നിര്‍മിച്ച വെള്ളിയാങ്കല്ല് കോസ് വേ റഗുലേറ്റര്‍ ഇത്തവണ ഉപകാരപ്രദമായില്ല.
റഗുലേറ്റര്‍ സംവിധാനം തുടങ്ങിയതു മുതല്‍ തൃത്താല മുതല്‍ തിരുമിറ്റക്കോട് വരെ ജലം സംഭരിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു.ഇത് മൂലം പുഴക്ക് സമീപത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജലദൗര്‍ലഭ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ അശാസ്ത്രീയമായി വെള്ളിയാങ്കല്ല് ഷട്ടര്‍ തുറന്നതോടെ പുഴയുടെ സമീപത്തെ കുടിവെള്ള പദ്ധതികളും, സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റിയ നിലയിലാണ്.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതിയുടെ ഓഫീസ് ചമ്രവട്ടത്താണ്. അതു കൊണ്ടു തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങളായി വേനല്‍ക്കാലങ്ങളില്‍ ഇവിടെ വെള്ളം കെട്ടി നിര്‍ത്തിയിരുന്നു.എന്നാല്‍ ഇത്തവണ വേനലെത്തും മുമ്പെ പുഴ പൂര്‍ണ്ണമായും വറ്റി. ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്നും പരാതിയുണ്ട്. തൃശ്ശൂര്‍, പാലക്കാട്, ജില്ലകളിലെ ഇരുപതിലേറെ ഗ്രാമ പഞ്ചായത്തുകളും ഇപ്പോള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.
പുഴയുടെ പലഭാഗത്തും മണല്‍ ഇല്ലാത്തതുമൂലം ഈ പ്രദേശങ്ങളിലെല്ലാം കല്ലുകള്‍ അടിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: