അഗളി: ഹോളോബ്രിക്സ് കൊണ്ട് കെട്ടിയുയര്‍ത്തിയ കൊച്ചുകൂരയില്‍ കഴിയുന്ന അമ്മ ലതയുടെയും സഹോദരന് അജീഷിന്റെയും പ്രതീക്ഷ മുഴുവനും അനീഷിന്റെ വിദ്യാഭ്യാസത്തിലും ജോലിയിലും വരുമാനത്തിലുമായിരുന്നു.
കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ ഇന്‍സ്ട്രക്ടറായി ജോലി നോക്കുന്ന അനീഷ്, ഇടുക്കിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതായികഴിഞ്ഞാഴ്ച കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിന്ഇരയായത്.
അനീഷിനെ കുറിച്ച് ബന്ധുക്കള്ക്കുംനാട്ടുകാര്ക്കും നല്ലതുമാത്രമേ പറയാനുള്ളൂ. കലാകാരനായ അനീഷ് നാട്ടില്‍ സാമൂഹ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഫെബ്രുവരി 14നുണ്ടായ അക്രമത്തിന്റെ ആഘാതം ഒരാഴ്ച പിന്നിട്ടിട്ടും അനീഷിനെ വിട്ടുമാറിയിരുന്നില്ലെന്ന് അമ്മാവന് ശിവദാസന്‍ പറഞ്ഞു.
ആരോടും ഒന്നും ഉരിയാടാതെ ഒരു ദിവസം മുഴുവന്‍ തള്ളിനീക്കിയ അനീഷ് ഭക്ഷണവും കഴിച്ചിരുന്നില്ല. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നതില്‍ അസ്വസ്ഥനായിരുന്നു അനീഷ്. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വരെ സംസാരിക്കാന്‍ വിമുഖത കാട്ടി.
പോലീസ് കേസെടുത്തിട്ടും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജപ്രചരണത്തിന് തടയിടാനാകാത്തതും പ്രതികളുടെ സുഹൃത്തുക്കള്‍ തുടര്‍ന്നും ഭീഷണിപ്പെടുത്തിയതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജ്യേഷ്ഠന് അജീഷ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: