കല്‍പ്പറ്റ:ഭക്ഷ്യസുരക്ഷാനിയമം അടിയന്തിരമായി നടപ്പിലാക്കണമെന്നും സംസ്ഥാനത്ത് റേഷൻ വിതരണം കുറ്റമറ്റ രീതിയിൽ പുന:സ്ഥാപിക്കണമെന്ന് ദ്വാരകയിൽ ചേർന്ന മാനന്തവാടി രൂപത വൈദികസമ്മേളനം കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു. ജീവൻ നിലനിർത്താനായി റേഷൻകടകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന പാവപ്പെട്ടവരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ജീവിതം കേവലസാങ്കേതികത്വങ്ങളും ബന്ധപ്പെട്ട സർക്കാരുകളുടെ പിടിവാശിയും മൂലം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങളെക്കുറിച്ചുളള ഉത്കണ്ഠ സമ്മേളനം രേഖപ്പെടുത്തി. പുതിയ റേഷൻ കാർഡുകളുടെ വിതരണം ഇനിയും വൈകരുത്.
ജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരൾച്ചയും കുടിനീർക്ഷാമവും സംസ്ഥാന സർക്കാരിന്റേയും ജില്ലാഭരണകൂടത്തിന്റേയും അടിയന്തിര ഇടപെടൽ അനിവാര്യമാക്കിയിരിക്കുന്നു. പ്രശ്നബാധിതഗ്രാമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കണം. മഴവെളളശേഖരണം, ഭാവിയിൽ വരൾച്ചയെ പ്രതിരോധിക്കാനുളള ജലസംരക്ഷണ പദ്ധതികൾ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം തേടാതെ അവയെ മുൻകൂട്ടി പ്രതിരോധിക്കാൻ ദീർഘവീക്ഷണത്തോടെയുളള പദ്ധതികളാണ് നാടിനാവശ്യമെന്ന് സമ്മേളനം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: