പത്തനാപുരം: മേലില ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വേതനവിതരണത്തിലെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തം. പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ മേലില ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
മൂന്ന് മാസക്കാലമായി തൊഴില്‍ ചെയ്തുവരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ വേതനം വിതരണം ചെയ്യാതെ തടഞ്ഞുവച്ച പഞ്ചായത്ത് നടപടി സാധാരണക്കാരായ തൊഴിലാളികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും നാളിതുവരെയായിട്ടും വിഷയം പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലയെന്നറിയുന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുയെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ബിജെപി മേലില പഞ്ചായത്ത് സമിതി പ്രസിഡന്റ് രമേശ് മേലില പറഞ്ഞു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്നും സത്വര നടപടി സ്വീകരിച്ചു തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വേതനം ഉടന്‍തന്നെ ലഭ്യമാക്കുമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പില്‍ ഉപരോധസമരം അവസാനിപ്പിച്ചു .
ഉപരോധ സമരത്തിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ബിജെപി മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത് മേലില, യുവമോര്‍ച്ച മേലില പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രശാന്ത്.പി, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുശീലന്‍, ശരത്ത്കുമാര്‍, അഖില്‍, കണ്ണന്‍, പ്രവീണ്‍, ശ്രീജിത്ത്, ഉണ്ണി തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
















