ചെന്നലോട്: യുവാവിനെ മര്‍ദിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞവരെ ഒരു മാസമായിട്ടും പിടിക്കാനായില്ലെന്ന് പരാതി. കളപ്പുരക്കല്‍ തോമസിന്റെ മകനും ചെന്നലോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടേബിള്‍ ടെന്നീസ് അസിസ്റ്റന്റ് കോച്ചുമായ നിതിന്‍ തോമസ്(23)നെയാണ് കഴിഞ്ഞ മാസം 24ന് കാപ്പുവയലില്‍ വെച്ച് മര്‍ദ്ദിച്ചത്. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താന്‍ പടിഞ്ഞാറത്തറ പൊലീസിന് സാധിക്കാത്തതിനെത്തുടര്‍ന്നാണ് എം.എല്‍.എയ്ക്കും ജില്ല പൊലീസ് മേധാവിക്കും ഉന്നതാധികാരികള്‍ക്കും പരാതി നല്‍കിയത്. 24ന് രാത്രി കാപ്പുവയല്‍ അമ്പലത്തിലെ ഉത്സവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോളാണ് ആക്രമണം ഉണ്ടായത്. രണ്ടു കൈയ്യും അടിച്ചുപൊട്ടിക്കുകയും തലയ്ക്ക് കല്ലുകൊണ്ടിടിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച ശേഷം മതില്‍ക്കെട്ടില്‍ നിന്നും താഴേക്ക് എടുത്തിടുകയുമായിരുന്നു. തടയാന്‍ ചെന്ന സുഹൃത്തുക്കളെ സംഘം കത്തി കാട്ടി ഓടിച്ചു. കാവുംമന്ദം, പത്താംമൈല്‍ സ്വദേശികളായ അപ്പു, അജയ്, സജേഷ്, നിസാം എന്നിവരുടെ പേരില്‍ വധശ്രമമടക്കം 12 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനപോലും കണ്ടെത്താന്‍ പൊലീസിനായില്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: