പാലക്കാട്: കല്‍മണ്ഡപത്ത് അഗ്നിബാധയെത്തുടര്‍ന്ന് വീടുകള്‍ കത്തിനശിച്ചു. കോയമ്പത്തൂര്‍ റോഡില്‍ കല്‍മണ്ഡപം മുനിസിപ്പല്‍ ലെയ്നിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തീപ്പിടുത്തമുണ്ടായത്.
ശരവണന്, അരുണ്‍, മാലതി, തിലകവതി, അജിത്ത്കുമാര്‍, നടരാജന് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും കത്തിനശിച്ചത്.ആറുകുടുംബങ്ങളിലായി മൊത്തം പതിമൂന്ന് പേരാണ് താമസിച്ചിരുന്നത്.പുറത്തുണ്ടായ തീപിടിത്തം ഗ്യാസിലേക്ക്പടര്ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ശുചീകരണത്തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലെ ആറോളംവീടുകള് പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടുകാര്‍ ജോലിക്കും മറ്റും പുറത്തുപോയതിനാല്‍ ആളപായങ്ങളൊന്നുമുണ്ടായില്ല. വീടിനകത്തുള്ള സാമഗ്രികളും വസ്ത്രങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
സംഭവമറിഞ്ഞെത്തിയ വീടുകളിലെ താമസക്കാര്‍ക്ക് സംഘടനാപ്രവര്‍ത്തകരും സാമൂഹ്യസ്നേഹികളും വസ്ത്രങ്ങളുംമറ്റും നല്കി.
മുന്‍സിപ്പല്‍ ലൈനില്‍ കല്‍മണ്ഡപം റോഡിലേക്കും മണലി റോഡിലേക്കുമായി നിരവധി വീടുകളാണുള്ളത്. ഇതില്‍ മണലി റോഡിലേക്കുള്ള വീടുകളാണ് കത്തിയമര്‍ന്നത്. വിവരമറിഞ്ഞ് പാലക്കാട് യൂണിറ്റില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്.
വര്‍ഷങ്ങളായി നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ തൊഴിലാളികളാണിവര്‍. ഇവരില്‍ പലര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി വീടുനല്കിയിട്ടുണ്ടെങ്കിലും കുറച്ചുപേര്‍ ഇപ്പോഴും കാലപ്പഴക്കമുള്ള ഇവിടത്തെ വീടുകളില്‍ തന്നെയാണ്.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍, വൈസ്ചെയര്മാന്സി.കൃഷ്ണകുമാര്‍,സബ്കലക്ടര്‍, കൗണ്‍സിലര്‍മാരായ ഗംഗ, എസ്പി.അച്യുതാനന്ദന്,എം.സുനില്‍,എം.മോഹന്‍ബാബു, ആര്.ഉദയകുമാര്‍, മുന്‍കൗണ്‍സിലര്‍ പി.ശരവണന്സെക്രട്ടറി ഇന്‍ചാര്‍ജ് വി.എ.സുള്‍ഫിക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, എന്നിവര്‍ സംഭവം അറിഞ്ഞയുടനെ സ്ഥലത്തെത്തി.
പണിപൂര്ത്തിയായിട്ടുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ ആറ് കുടുംബങ്ങളെയും താല്കാലികമായി പുനരധിവസിപ്പിക്കും.
ചെയര്‍പേഴ്സന്റെ നിര്‍ദേശാനുസരണം ഇന്നലെ തന്നെ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന് നല്കി. ഇവരില്‍ മുന്ന് കുടുംബത്തിന് നഗരസഭ അടുത്തിടെയാണ് ഭൂമി നല്‍കിയത്. ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഒരാഴ്ച്ചത്തേക്ക് ആറ് കുടുംബങ്ങള്‍ക്കും ഭക്ഷണം നല്‍കാനുള്ള സംവിധാനം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: