മഞ്ചേരി: മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ നടന്ന മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവം സമാപിച്ചു. ശനിദോഷ നിവാരണ പൂജയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. അമൃതാ സ്വാശ്രയ സംഘത്തിലെ അമ്മമാര്‍ക്ക് സാരി വിതരണം ചെയ്തു. മഠം പുറത്തിറക്കിയ അമൃതസൗഭഗം-2017 എന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും അമ്മ നിര്‍വഹിച്ചു. നറുകരയില്‍ നിര്‍മ്മിക്കുന്ന ആശ്രമമന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നിര്‍വഹിച്ചു. വിവേകാനന്ദ പഠനകേന്ദ്രം ചെയര്മാന് ഭസ്ക്കരപിള്ള, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, അഡ്വ.മാഞ്ചേരി നാരായണന്, ടി.പി.വിജയകുമാര്‍, പി.ജി.ഉപേന്ദ്രന് എന്നിവര്‍ അമ്മക്ക് ഹാരാര്‍പ്പണം നടത്തി.
അമ്മയുടെ ദര്‍ശനത്തിനായി ലക്ഷങ്ങളാണ് മഞ്ചേരി അമൃത വിദ്യാലയാങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. അനുഗ്രഹ പ്രഭാഷണത്തില്‍ ജീവനുള്ളതെല്ലാം വളരുമെങ്കിലും പക്വതയോടെ വളരാനുള്ള കഴിവ് മനുഷ്യന് മാത്രമേയുള്ളൂയെന്നും അങ്ങനെ വളര്‍ന്നാല്‍ അത് അമരത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അമ്മ പറഞ്ഞു. മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രായം കൊണ്ടുള്ള വളര്‍ച്ച മരണത്തിലേക്കുള്ള യാത്രയാണ്. ആദ്ധ്യാത്മികമായ അറിവുണ്ടെങ്കിലെ പക്വത കൈവരിക്കാനാകൂ. ഈശ്വരനെ അറിയാനുള്ള നമ്മുടെ അന്വേഷണം ആത്മാര്‍ത്ഥമാണെങ്കില്‍ ക്ഷമയോടും സഹനശക്തിയോയും കഠിനമായി ശ്രമിക്കാം. അല്ലാത്തവര്‍ എന്തെങ്കിലും ചെയ്തെന്ന് വരുത്തി അതില്‍ നിന്ന് പിന്മാറും.
ജീവിതം കഷ്ടപ്പെടുന്നവരുടെ വേദന അകറ്റാനുള്ള യജ്ഞമായി തീരണം. ദുരിതമനുഭവിക്കന്നുവരെ സഹായിക്കുകായെന്നത് നമ്മുടെ കടമയാണ്. എല്ലാവരും ഒന്നാണെന്നും ഒരമ്മയുടെ മക്കളാണെന്നുമുള്ള ബോധം നമ്മളിലുയരണം. മറ്റുള്ളവരെ തന്നെപ്പോലെ കണ്ട് സ്നേഹിക്കാനും സേവിക്കാനും പ്രാപ്തരാക്കുന്ന ഒരു ആന്തരിക വിപ്ലവം നമ്മളില്‍ ഉദയം ചെയ്യണം. ജിവിതത്തിലെ ഓരോ സംഭവങ്ങളും ഓരോ പാഠങ്ങളാണ്. ഇത് മനസിലാക്കാന്‍ ശ്രദ്ധയും വിവേകവും അത്യാവശ്യമാണ്. നല്ലതും ചീത്തയുമായ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സും നമുക്കുണ്ടാകും. മനുഷ്യനെ പോലെ തന്നെ ജീവനുള്ളവക്കെല്ലാം സ്വന്തം വളര്‍ച്ചക്കും മുന്നോട്ടുള്ള ഗതിക്കും തടസ്സങ്ങളുണ്ടാകുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ സഹജമായ വാസനയുണ്ട്. അതി പ്രകൃതിദത്തമാണ്. അതുകൊണ്ട് തന്നെ പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ നമ്മള് തീര്‍ച്ചയായും ശ്രമിക്കും. എന്നാല്‍ ചിലര്‍ പ്രതിബന്ധങ്ങളെ ഭയന്ന് ഒരു കര്‍മ്മവും ഏറ്റെടുക്കില്ല. മറ്റുചിലര്‍ പ്രവര്‍ത്തനത്തിനിറങ്ങും, പക്ഷേ തടസ്സങ്ങളുണ്ടാകുമ്പോള്‍ അവയെ നേരിടാനാകാതെ ആ കര്‍മ്മം ഇടക്ക് വെച്ച് നിര്‍ത്തും. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറും. ക്ഷമ, ശ്രദ്ധ, വിശ്വാസം എന്നീ മൂന്നുഗുണങ്ങള്‍ ബാഹ്യവും ആന്തരികവുമായ തടസ്സങ്ങള്‍ നീക്കാനുള്ള മാര്‍ഗ്ഗമാണ്. അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: