ആലത്തൂര്‍:കാവശേരി പഞ്ചായത്തിലെ വാഴയ്ക്കച്ചിറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പ്രദേശത്തെ ജലനിധി പദ്ധതിയിലെ കുഴല്‍ക്കിണറില്‍ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വെള്ളം നല്‍കുന്നില്ല.
ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആലത്തൂര്‍ പഞ്ചായത്തിലെ പൊതു ടാപ്പിനെയാണ് ആശ്രയിക്കുന്നത്. കാവശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ ചുണ്ടക്കാട്ടിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് വാഴയ്ക്കച്ചിറ.എന്നാല്‍ കാവശ്ശേരി പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വലിയപറമ്പ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഈ വാര്‍ഡിന്റെ പകുതി മാത്രമേ എത്തുന്നുള്ളൂ. ഇത് നീട്ടിയാലും ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുകയില്ല.
ഗായത്രി പുഴയിലെ ആലത്തൂര്‍ പഞ്ചായത്തിന്റെ തടയണയായ ചീരത്തടത്തു നിന്നും ഇവിടേക്ക് കുടിള്ളെ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.എന്നാല്‍ ഇതിന് ആലത്തൂര്‍ പഞ്ചായത്ത് കൂടി അംഗീകരിക്കണം.
കുറച്ചു വര്‍ഷം മുമ്പ് കുഴിച്ചിരുന്ന കുഴല്‍ കിണര്‍ ഇന്നലെ പരിശോധിച്ചെങ്കിലും ഇതിലും കുടിവെള്ളം ലഭിക്കാതായതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ കുടിവെള്ളത്തിനു വേണ്ടി സ്ത്രീകള്‍ പഞ്ചായത്ത് മെമ്പറെ തടയുന്ന സ്ഥിതിയുണ്ടായി.
വെള്ളമില്ലാതെ തുടര്‍ന്നുള്ള മാസങ്ങളില്എങ്ങിനെ ജീവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.ഗായത്രിപ്പുഴയിലെ ചുണ്ടക്കാട് ആനപ്പാറയില്‍ നേരത്തേ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആലോചിച്ചിരുന്നു.എന്നാല്‍ ഇത് നടപ്പായില്ല.ആനപ്പാറയില്‍ തടയണയുണ്ടാക്കിയാല്‍ ഇവിടേക്ക് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: