ചിറ്റൂര്‍ :കാറ്റാടി പാടങ്ങള്‍ നിര്‍മ്മിക്കാനായി സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍ നിന്നും വാങ്ങിയ ഭൂമിയില്‍ ഭൂമാഫിയയുടെ അനധികൃത ഇടപെടല്‍.
സര്‍ക്കാര്‍ തീരുമാനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരക്ഷരരായ ആളുകളാണ് ചൂഷണത്തിന് ഇരയാകുന്നത്.വടകരപ്പതി പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായി ഇതുവരെ 500 ഏക്കറാണ് കമ്പനികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 95 ശതമാനവും നിലമാണ്. പാരമ്പര്യമായി പച്ചക്കറി കൃഷിചെയ്തുവരുന്ന ഭൂമിയെയാണ് മാഫിയ ചൂഷണം ചെയ്യുന്നത്.
സ്വകാര്യ മുതലാളിത്തത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടാണ് കമ്പനികള്‍ ഇവിടേക്കെത്തിയത്.ജനവാസ മേഖലയായ ഒഴലപ്പതി, അനുപ്പൂര്‍,കള്ളിയമ്പാറ,കെരാംപാറ, കുപ്പാണ്ടകൗണ്ടന്നൂര്, കിനര്പള്ളം എന്നീ സ്ഥലങ്ങളിലാണ് 110 കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുക.
സ്വകാര്യവ്യക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായ പഞ്ചായത്ത് മെമ്പര്‍മാര്‍വരെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അറിയുന്നത്.
അഴിമതിക്കെതിരെ പോരാടുന്നുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് രംഗത്ത് വന്ന സംഘടനയാണ് ആര്‍ബിസി. സ്ഥലത്തെ ക്രിസ്ത്യന്‍ പള്ളിയിലെ ഒരച്ഛനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇരുമുന്നണികള്‍ക്കും എതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ ആര്‍ബിസിക്ക് അനുകൂലമായി. കിഴക്കന്‍ മേഖലയില്‍ നീറിപുകയുന്ന പ്രശ്നങ്ങളാണ് ഇവര്‍ എടുത്തിട്ടത്.
മുന്നണികള്‍ക്കെതിരായ എതിര്‍പ്പ് ആര്‍ബിസിയെ പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചു. അവര്‍ക്ക് ഭൂരിപക്ഷവും ലഭിച്ചു.എന്നാല്‍ അധികാരത്തിലെത്തിയതോടെ ചക്കരകുടത്തില്‍ കയ്യിട്ടിവര് അത് നക്കുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി ആര്‍ബിസി.
500 കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതിക്ക്, നടത്തിപ്പുകാരില്‍ നിന്നും വന്‍ തുക വാങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വസ്തു കൈക്കലാക്കുകയായിരുന്നുവെന്ന് പറയുന്നു.
പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ് കാറ്റാടി പാടത്തിന് പഞ്ചായത്തും മറ്റു വകുപ്പുകളും അനുമതിനല്‍കിയതെന്ന് പറയുന്നു. ചൂഷണത്തിന് ഇരയായ കര്‍ഷകരെ കണ്ടെത്തി സ്ഥലത്തിന് കമ്പനിനല്കിയ തുക മുഴുവന്‍ തിരിച്ചുകിട്ടുന്നതിന് നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാറ്റാടിപാടങ്ങള്വരുമ്പോള് പ്രകൃതിക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ സംബന്ധിച്ച പഠനവും അനിവാര്യമാണ്.സര്‍ക്കാര്‍ നേരിട്ട് കാറ്റാടി പാടത്തിന് സ്ഥലം ഏറ്റെടുത്താല്‍ കുറഞ്ഞവില മാത്രമേ ലഭിക്കൂ എന്നുംപറഞ്ഞാണ് കര്‍ഷകരെ പറ്റിച്ചത്.
ഭൂമാഫിയയുടെ ദൂതന്മാര് കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെട്ട് മറിച്ച് വില്‍ക്കുന്നതിന് തെളിവുകളുണ്ടെന്ന് പറയുന്നു. വീടും കൃഷിയിടവും വിട്ടുകൊടുക്കാന്‍ മടിക്കുന്നവരെ ഭൂമാഫിയ ഭീഷണി പെടുത്തി കൈമാറ്റത്തിന് നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.
ഒരുഏക്കര്‍ ഭൂമിക്ക് നാല്പത് ലക്ഷമാണ് വില.ഇടനിലക്കാര്‍ ഭൂമിവാങ്ങിച്ച് വന്‍തുകക്ക് കമ്പനിക്ക് മറിച്ചുവില്‍ക്കുകയാണ്.വടകരപ്പതി പഞ്ചായത്തിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള വാര്‍ഡുകളിലാണ് മാഫിയാ വിളയാട്ടം. തമിഴ്നാട്ടില്‍ പലയിടത്തും നിലവിലുള്ള നാട്ടുരാജാവ് സമ്പ്രദായം ഇപ്പോഴും ഈ പ്രദേശത്ത് സജീവമാണ്.ഇവരാണ് ഭൂമാഫിയക്ക് പിന്നില്‍.ഭൂമി ഇടപാടുവിവരങ്ങള്‍ പുറത്തറിഞ്ഞാല്‍ തങ്ങളുടെ ജീവന് നഷ്ടപെടുമൊ എന്ന ഭയത്താലാണ് കര്‍ഷകര്‍. റവന്യൂ, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഭൂമകൈമാറ്റം നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: