മഞ്ചേരി: ഒരുനോക്കു കാണാനെത്തിയ ജനലക്ഷങ്ങള്‍ക്ക് അമ്മ സ്നേഹ സന്ദേശം പകര്‍ന്ന് നല്കി. മഞ്ചേരി ബ്രഹ്മസ്ഥാന മഹോത്സവത്തിന് വന്‍ഭക്തജന പങ്കാളിത്തമായിരുന്നു. രാവിലെ 5.30ന് ധ്യാനം ആരംഭിച്ചു. തുടര്‍ന്ന് ലളിതാസഹസ്രനാമാര്‍ച്ചന, ഭക്തിഗാനസുധയും നടന്നു. പിന്നീട് അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. അതിര്‍വരമ്പുകളും വേര്‍തിരിവുകളുമില്ലാത്ത അഖണ്ഡമായ ഏകത്വമാണ് ഈശ്വരനെന്ന് അമ്മ പറഞ്ഞു. ആ ശക്തി സര്‍വ്വചരാചരങ്ങളിലും നിറഞ്ഞുകവിഞ്ഞ് നില്ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യം തിരിച്ചറിഞ്ഞാല്‍ നമുക്ക് നമ്മളെയും മറ്റുള്ളവരെയും ലോകത്തെയും ഒരുപോലെ സ്നേഹിക്കാനാകും. സ്നേഹത്തിന്റെ ആദ്യ ചെറുകണിക നമ്മളില്‍ നിന്ന് തന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിന് ചുറ്റുമാണ് രൂപപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി തീരം വരെയെത്തും. അതുപോലെ സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെ ഉള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അത് വളര്‍ന്ന് ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കും. ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിന് പറക്കാന്‍ കഴിയില്ല. അതുപോലെ സ്നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മള് ബന്ധങ്ങളുടെയും കെട്ടുപാടുകളുടെയും കല്ലുകള്‍ കെട്ടിത്തൂക്കിയിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തോടെ വിശാലമായ ആകാശത്ത് പറന്നു നടക്കാനാകില്ല. അന്ധമായ മമതയുടെ ചങ്ങലകൊണ്ട് ഉള്ളിലുള്ള സ്നേഹത്തെ നമ്മള് അവിടെ തന്നെ ബന്ധിപ്പിച്ചിരിക്കുകയാണ്. സ്നേഹമില്ലെങ്കില്‍ ജീവിതമില്ല.
മനുഷ്യന്റെ അകവും പുറവും അലമുറശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണിന്നത്തേത്. കാമവും ക്രോധവുമാണ് മനുഷ്യനെ ഭരിക്കുന്ന പ്രധാന വികരങ്ങള്‍. അതില്‍ ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍ നാശം വിതക്കുന്ന രണ്ടാമത്തെ ശക്തിയുയരും. ഇതാണ് ഇന്നത്തെ മാനസികാവസ്ഥ.
സമീപകാലത്ത് തെരുവുനായ്ക്കളുടെ ശല്യം വലിയൊരു ചര്‍ച്ചാ വിഷയമായിരുന്നു. നായകള്‍ പലരെയും കടിച്ചുകീറുന്നു, ഇതിനൊരു പരിഹാരം കാണാന്‍ നേതാക്കളും ഉദ്യോഗസ്ഥരും സാമൂഹ്യപ്രവര്‍ത്തകരും തലപുകഞ്ഞാലോചിച്ചു. പട്ടികള്‍ക്ക് വിവേകബോധമില്ല, അത് ആരെയെങ്കിലും കടിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. പക്ഷേ വിവേകമുള്ള മനുഷ്യരിവിടെ പരസ്പരം കടിച്ചുകീറാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിനെന്താണ് പരിഹാരം?.
മനുഷ്യന് ഇന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറികൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. പക്ഷേ അവ നടക്കുന്നതിന് മുമ്പ് ചില മുന്നറിയിപ്പുകളും സൂചനകളും നല്കാനുതകുന്ന സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ മനുഷ്യന് അവന്റെ മനസ്സിനുള്ളില്‍ കൊണ്ടുനടക്കുന്ന വന്‍ദുരന്തങ്ങള്‍ കണ്ടെത്താനുള്ള യന്ത്രമൊന്നും ശാസ്ത്രത്തിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആഗോളതാപനം കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെയും ഭൂമിയുടെയും പ്രകൃതിയുടെയും ഭാവി എന്നിവയെ കുറിച്ചൊക്കെ പഠിക്കാനും പരിഹാരം കണ്ടെത്താനും സമ്മേളനകളും സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. പക്ഷേ മനുഷ്യമനസ്സിന്റെ താപനില അപകടകരാമാം വിധം ഉയരുന്നത് ആരും കാണുന്നില്ല. അവന്റെ ഉള്ളിലെ കാലാവസ്ഥക്ക് വലിയ വ്യതിയാനം സംഭവിച്ചിരിക്കുന്നു. ജീവിതത്തിന്റെ പ്രധാനഘടകം തന്നെ ഭയവും ആവലാതിയുമാണെന്ന അവസ്ഥയാണിന്ന്. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും, കാരണം മാറ്റം പ്രകൃതി നിയമമാണ്. എന്നാല്‍ അനുഭവങ്ങളെ സുഖമുള്ളതും ദുഖമുള്ളതുമാക്കി മാറ്റുന്നത് നമ്മള് തന്നെയാണ്. മനസ്സിനെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത കാലത്തോളം ദുഖം നമ്മളെ വേട്ടയാടികൊണ്ടിരിക്കും. എന്നാല്‍ മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകുമ്പോള്‍, ദുരന്തത്തിനും ചീത്ത അനുഭവത്തിനും നമ്മെ ദുഖിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല. യഥാര്‍ത്ഥത്തില്‍ കൃതര്ജ്ഞതയാണ് സന്തോഷത്തിനാധാരം.
വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കാഴ്ച്ചപ്പാടിലും സംസ്കാരത്തിന്റെ തെളിമ നല്കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകല ജീവരാശികളുടെയും അഖണ്ഡതയെ കുറിച്ചുള്ള ബോധം ജനിപ്പിക്കുന്നതാകണം. ജിമ്മില്‍ പോയി മസിലുകള്‍ മാത്രം വളര്‍ത്തുന്നതിന് സമാനമാണ് ഇന്നത്തെ വിദ്യാഭ്യാസം.
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. പൂര്‍വ്വികര്‍ക്ക് പ്രത്യേകിച്ചൊരു പ്രകൃതി സംരക്ഷണം ആവശ്യമുണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. ആരാധനയിലും ആചാരങ്ങളിലും പ്രകൃതിയുണ്ടായിരുന്നു. സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയില്‍ നിന്ന് വേണ്ടത് മാത്രമെടുക്കുക, പ്രകൃതിയെ നശിപ്പിക്കാതിരിക്കുകയെന്നത് അവരുടെ വ്രതമായിരുന്നു. അമ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: