തൊടുപുഴ: ഇളംദേശത്തിന് സമീപം നിരവധിയാളുകളുടെ ഏക്കര്‍ കണക്കിന് കൃഷിഭൂമി കത്തി നശിച്ചു. പതിറ്റാണ്ടുകളായി മലകള്‍ കേന്ദ്രീകരിച്ചുള്ള തീയിടലിന്റെ മറവില്‍ മനപൂര്‍വ്വം കത്തിച്ചതെന്ന് ആരോപണം.
കുരിശുമല ഭാഗത്തെ കാക്കച്ചിറ മാത്യു, കുറുന്തോട്ടി ജോമോന്‍, പ്ലാത്തോട്ടത്തില്‍ പാപ്പച്ചന്‍, ജോര്‍ജ്ജ്, കിഴക്കേടത്ത് ജോസ്, കൈതോലില്‍ മാത്യു, അമ്പാറ പാപ്പച്ചന്‍, നിരപ്പേല്‍ മനോജ്, നടുത്തൊട്ടി ടോമി, മാന്താനത്ത് ജോമോന്‍ എന്നിവരുള്‍പ്പെടെ നിരവധിയാളുകളുടെ കൃഷിയിടം കത്തിനശിച്ചു.
കൊന്താല പള്ളിക്ക് സമീപത്തെ സ്‌കൂളിന് മുകള്‍ ഭാഗത്താണ് നിയന്ത്രണാതീതമായ തീ പടര്‍ന്ന് പിടിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതു മുതല്‍ തീ കയറി തുടങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ തീപടരുന്നത് തടയാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. അഗ്‌നിശമന സേനക്ക് വാഹനവുമായെത്തിച്ചേരാന്‍ പറ്റാത്ത സ്ഥലമാണിവിടം. ഒരു ഭാഗത്തെ തീ നിയന്ത്രിക്കുമ്പോള്‍ മറുഭാഗത്ത് തീ പടരുന്ന അവസ്ഥയിലാണ്.
സമീപത്ത് തന്നെയുള്ള പറമ്പ്കാട്ട്മല കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം തീ പിടുത്തമുണ്ടായിരുന്നു. പരമ്പരാഗതമായി മകരം 28 ന് ജനവാസ മേഖലകള്‍ ഒഴിവാക്കി തീയിടാറുണ്ട്. തീ പടരാതിരിക്കുന്നതിന് മുന്നോടിയായി ഇവിടം ഫയര്‍ ലൈന്‍ വെട്ടിതെളിക്കുകയും വേര്‍തിരിക്കുകയും ചെയ്തിരുന്നു. ഈ നിശ്ചിത സ്ഥലത്തെ തീ ഒന്ന് രണ്ട് ദിവസമെടുത്ത് മാത്രമേ അണയാറുള്ളൂ. ഈ സ്ഥലങ്ങളിലെ തീ പടര്‍ന്നിരുന്നില്ല.
എന്നാല്‍ ഇതിന്റെ മറവില്‍ ജനവാസ മേഖലയിലേക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏക്കറുകണക്കിന് റബ്ബര്‍, കുരുമുളക്, കശുമാവ്, കാപ്പി, കൊക്കോ, തെങ്ങ്, കവുങ്ങ് എന്നിവയുള്‍പ്പെടെ നിരവധി കൃഷി ദേഹണ്ഡങ്ങള്‍ കത്തിപ്പോയി. രാത്രി വൈകിയും തീ നിയന്ത്രിക്കാനായിട്ടില്ല. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
















