പന്തളം: ഒരു നഗരസഭയിലെയും രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കൃഷിക്കുള്ള വെള്ളവും കുടിവെള്ളവും നല്കുന്ന മുട്ടാര്‍ നീര്‍ച്ചാര്‍ മാലിന്യംകൊണ്ടു നിറഞ്ഞ് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി മാറിയിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ, ആലപ്പുഴ ജില്ലയിലെ പാലമേല്‍, നൂറനാട് എന്നീ മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മുട്ടാര്‍ നീര്ച്ചാല്. പത്തു കിലോമീറ്ററോളം നീളമുള്ള നീര്ച്ചാല് പന്തളത്തിന്റെ കിഴക്കേ അറ്റത്തു നിന്നും തുടങ്ങി നൂറനാട് പഞ്ചായത്തിലെ ഇടപ്പോണില്‍ വച്ചാണ് അച്ചന്‍കോവിലാറ്റില്‍ എത്തിച്ചേരുന്നത്. അച്ചന്കോവിലാറുപോലെതന്നെ ശുദ്ധജലം ഒഴുകിയിരുന്ന ഇവിടെ നിരവധി കുളിക്കടവുകളും ഉണ്ടായിരുന്നു. കുട്ടനാടു കഴിഞ്ഞാല്‍ കേരളത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കരിങ്ങാലി പാടശേഖരത്തിനു വേണ്ട വെള്ളം എത്തുന്നത് ഇതില്‍ക്കൂടിയാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഈ നീര്ച്ചാല് തന്നെയാണ്. എന്നാലിന്നിത് മത്സ്യ, മാംസാവശിഷ്ടങ്ങളും മനുഷ്യ വിസര്‍ജ്യങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുവാനുള്ള കേന്ദ്രമായി മാറിയിരിക്കുന്നു. മാരകമായ എല്ലാ രോഗങ്ങളുടെയും ഉറവിടമായി മാറിയ നീര്ച്ചാല് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.
അപൂര്‍വ്വങ്ങളായ നിരവധി ഇനങ്ങളിലുള്ള മത്സ്യങ്ങളാലും സമ്പന്നമായിരുന്ന നീര്ച്ചാല്, നാട്ടുകാരില്‍ പലര്‍ക്കും ഉപജീവനമാര്‍ഗ്ഗം കൂടിയായിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തി ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നു. സംസ്ഥാന മത്സ്യമായ കരിമീന്‍, വരാല്, കാരി, മുശി തുടങ്ങിയവയെല്ലാം വളരെയേറെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോളിതില്നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍ പിടിപെടുമെന്നത് ഉറപ്പായതിനാല്‍ അവയെ പിടിക്കാനും ആളുകള്‍ക്കു ഭയമാണ്. അതീവ മാരകമായ രീതിയില്‍ നീര്ച്ചാല് മലിനമായതോടൊപ്പംതന്നെ പുല്ലും കാട്ടുചേമ്പും ഉള്‍പ്പെടെയുള്ളവ തഴച്ചു വളര്‍ന്നു നില്‍ക്കുകയാണ്. നീര്‍ച്ചാലിന്റെ ഇരു വശങ്ങളും പലരും കൈയ്യേറിയതോടെ പലയിടത്തും ഇത് ഓടയ്ക്കു സമാനമാണിപ്പോള്‍.
ഇതിന്റെ പുനരുദ്ധാരണത്തിനായി പല പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പന്തളം ഗ്രാമപഞ്ചായത്തായിരുന്ന സമയം നീര്‍ച്ചാലിന്റെ പന്തളം കുറുന്തോട്ടയത്തുള്ള ഭാഗത്തു നിന്നും ജല സസ്യങ്ങളും പായലും വാരിമാറ്റുന്നതിന് പഞ്ചായത്ത് ഫണ്ടില്‍നിന്നും ഏഴരലക്ഷത്തോളം രൂപ ചിലവാക്കിയിരുന്നു. നീര്‍ച്ചാലിന്റെ ഇരു വശവും കല്ലുകെട്ടി സംരക്ഷിക്കുവാന്‍ ഏകദേശം ഒരുകോടി രൂപ ജലസേചന വകുപ്പും അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണമെല്ലാം എങ്ങോട്ടുപോയി എന്നറിയാതെ ജനങ്ങളും അത്ഭുതപ്പെട്ടിരിക്കുകയാണ്. അഴിമതിക്കാര്‍ക്ക് നല്ല ഒരു വരുമാനമാര്‍ഗ്ഗമായി നീര്ച്ചാല് മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: