അടിമാലി: അരി വില കുതിയ്‌ക്കുന്നു. പൊതുവിപണിയില്‍ അരിവില അനുദിനം കുതിച്ചുയരുന്നതിനിടയില്‍ മാവേലി സ്റ്റോറില്‍ അരിയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. മാവേലി സ്റ്റോറില്‍ ആകെയുള്ളത് പച്ചരി മാത്രം. കുത്തരിക്ക് 40 രൂപയ്‌ക്ക് മുകളിലാണ് കടകളിലെ വില. 40 മുതല്‍ 55 വരെ കുത്തരി വിലയുള്ളപ്പോള്‍ 33 രൂപയുണ്ടായിരുന്ന ജയ അരിയുടെ വില രണ്ടാഴ്ചയ്‌ക്കുള്ളില്‍ കുതിച്ചുയര്‍ന്ന് 47ലെത്തി.
ശരാശരി വിലനിലവാരം നിലനിര്‍ത്തിയിരുന്ന കുത്തരിയുടെ ചില ബ്രാന്‍ഡുകള്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ 10 രൂപയിലധികം വര്‍ദ്ധിച്ച് 50 നോടടുത്തുവിലയിട്ടിരിക്കുകയാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കടകളില്‍ തിരക്കേറി. ഇതിനിടെ വ്യാപാര സ്ഥാപനങ്ങളില്‍ തോന്നും പടി വില ഈടാക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഒരേ ബ്രാന്‍ഡുകള്‍ക്ക് വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കുന്നത് പ്രതി സന്ധി രൂക്ഷമാക്കുന്നു.
വിലനിലവാരം ഏകീകരിയ്‌ക്കുന്നതിനോ, നടപടി സ്വീകരിക്കുന്നതിനോ അധികൃതര്‍ തയ്യാറാവാത്തതും സ്ഥിതി വഷളാക്കുന്നു. അരിയ്‌ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും തീവിലയാണ്. വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് ഹോട്ടലുകളും പൊടുന്നനെ വില ഉയര്‍ത്തി. 8 രൂപയുണ്ടായിരുന്ന ചായയ്‌ക്കുള്‍പ്പെടെ ചെറു പലഹാരങ്ങള്‍ക്കും 10 രുപയാക്കിയിട്ടുണ്ട്. ഊണിന് 40 ല്‍ നിന്ന് 50 ആക്കി. വ്യാപാരി സംഘടനകളൊന്നും വിഷയത്തില്‍ ഇടപെടുന്നില്ല. അഞ്ച് വര്‍ഷത്തേയ്‌ക്ക് വില കൂടില്ലെന്ന് പറഞ്ഞിരുന്ന പിണറായി സര്‍ക്കാര്‍ വില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരിക്കുന്നേയില്ല.
















