ചെറുകോല്‍പ്പുഴ: ഈശ്വരന്റെ വരദാനമായി നമുക്ക് ലഭിച്ചിട്ടുള്ള പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു നശിപ്പിക്കുന്നത് ഈശ്വരദൃഷ്ടിയില് മഹാപാപമാണെന്ന് മന്ത്രി അഡ്വ. മാത്യു ടി. തോമസ് പറഞ്ഞു. നൂറ്റിഅഞ്ചാമത്അയിരൂര് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നാലാം ദിവസം ഉച്ചയ്ക്കു ശേഷം നടന്ന പരിസ്ഥിതി ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താല്‍ക്കാലിക ലാഭം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ വികസന സംസ്കാരവും ജീവിതശൈലിയുമാണ് പ്രകൃതിയുടെ ഇന്നത്തെ വ്യതിയാനത്തിനു കാരണം.
ഭൗതിക വളര്‍ച്ച മാത്രമാണ് ജീവിത വിജയത്തിനാധാരമെന്നത് മിഥ്യാധാരണയാണ്. ഉയര്‍ന്ന കുന്നും മലയും ഇടിച്ചു നിരത്തുകയും പാടങ്ങള്‍ മണ്ണിട്ടുയര്‍ത്തിയും ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയതുമാണ് ഇന്നത്തെ വരള്‍ച്ചയ്ക്കും ജലദൗര്‍ലഭ്യത്തിനും കാരണം. അപൂര്‍വ്വമായെങ്കിലും വീണു കിട്ടുന്ന മഴവെള്ളം പോലും മണ്ണില്‍ കിനിഞ്ഞിറങ്ങാന്‍ സമ്മതിക്കാതെയായി.
വരുംതലമുറയ്ക്ക് കൈമാറി കൊടുക്കേണ്ട അമൂല്യമായ പൈതൃക ഭൂസ്വത്ത് നാം തന്നെ നശിപ്പിക്കുന്നത് ശരിയാണോയെന്ന് ആഴത്തില്‍ ചിന്തിക്കണം. ഇത്തരം നടപടികള്‍ അദ്ധ്യാത്മികതലത്തില്‍ ചര്‍ച്ചചെയ്ത് ജനങ്ങളെ പിന്തിരിപ്പിക്കാന് മതസമ്മേളനങ്ങള്‍ക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ റ്റി കെ എ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പരിണിത ഫലമാണ് ഇന്നു കാണുന്ന വരള്‍ച്ചക്കും നദികളില്‍ ശുദ്ധജലം ഇല്ലാതാകുന്നതിനും കാരണം എന്നദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇച്ഛാശക്തിയോടെ, ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പ്രകൃതിചൂഷണവും നദീമരണങ്ങളും അവസാനിച്ചേനേ. പമ്പാ ആക്ഷന്‍ പ്ലാന്‍ പോലെയുള്ള വന്‍ പദ്ധതികള്‍ പൂര്ണ്ണമാകാത്തതിന്റെ കാരണവും മറ്റൊന്നല്ല അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് മുഖ്യപ്രഭാഷണം നടത്തി. ശരീരത്തില്‍ ക്യാന്‍സര്‍ രോഗം വരുന്നതോടെ രോഗിയുടെ മനസ്സിലെ മറ്റു കാലുഷ്യങ്ങള്‍ എല്ലാം നീങ്ങും. ഇത്തരം വിപത്തുകള്‍ ഉണ്ടാകാതെ മുളയിലേ നുള്ളിക്കളയാന്‍ ചിട്ടയായ ജീവിതചര്യയും ശ്രദ്ധയുമാണ് വേണ്ടത്. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവ നമ്മുടെ ശരീരത്തെ കാര്‍ന്നുതിന്നുന്നു. ഇവ പൂര്‍ണ്ണമായും ഒഴിവാക്കി പഴം, പച്ചക്കറി എന്നിവ 50ശതമാനവും അരി, ഗോതമ്പ് എന്നിവ 25ശതമാനവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ഈ രോഗത്തെ കര്‍ശനമായി നിയന്ത്രിക്കാനാകും.
എം ജി യൂണിവേഴ്സിറ്റി യോഗ ഫാക്കല്‍റ്റി ഡോ. എം ആര് ഗോപാലകൃഷ്ണന് നായര്‍, ഡോ. ബി പത്മകുമാര്‍, പമ്പാ പരിരക്ഷണസമിതി സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കൈയ്യെഴുത്തു മാസികയില്‍ സംസ്ഥാന ജേതാവായ കുമാരി ഗോപികയെ പ്രസിഡന്റ് അഡ്വ. റ്റി എന്‍ ഉപേന്ദ്രനാഥക്കുറുപ്പ് അഭിനന്ദിച്ചു. ഹിന്ദുമതമഹാമണ്ഡലം ജോ. സെക്രട്ടറി എം ടി ഭാസ്കരപ്പണിക്കര് സ്വാഗതവും എ ആര് വിക്രമന്‍പിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: