എരുമേലി: പതിമൂന്നാം പഞ്ചവത്സര വികസന പദ്ധതിയുടെ ആസൂത്രണ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നല്‍കിയ പരാതി പഞ്ചായത്ത് കമ്മറ്റി ഇന്ന് പരിഗണിക്കുമെന്ന് പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട 12 അംഗ സമിതിയില്‍ 18 പേരെ അനധികൃതമായി ഉള്‍പ്പെടുത്തിയിട്ടും ബിജെ പി, എസ്ടി പ്രതിനിധികളെയോ വിഭാഗത്തേയോ ഉള്‍പ്പെടുത്താത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതടക്കമുള്ള നിര്‍ണ്ണായകമായ ആസൂത്രണ സമിതിയില്‍ ചിലരെ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയതും ഭരണകക്ഷിയായ സിപിഎമ്മില്‍ തര്‍ക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിലെ ചിലരുടെ ഒത്താശയില്‍ രൂപീകരിച്ച ആസൂത്രണ സമിതി തട്ടിക്കൂട്ടിയതാണെന്നും ഇത് എരുമേലിയുടെ വികസനത്തിന് തുരങ്കം വയ്‌ക്കാനാണെന്നും ബിജെപി ഇരുമ്പൂന്നിക്കര വാര്‍ഡംഗം രജനി ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പരാതി ചര്‍ച്ച ചെയ്യുമെന്നും തുടര്‍ നടപടി അതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
















