പത്തനംതിട്ട: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലും ഉത്പാദനവും കമ്മീഷനിംഗും വൈകും. നിര്‍മ്മാണം അവസാന ഘട്ടത്തിലാണെങ്കിലും പമ്പാനദിയില്‍ വെള്ള മി ല്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നദിയില്‍ ജലനിരപ്പുയര്ന്നാലേ പദ്ധതി കമ്മീഷന് ചെയ്യാന്‍ കഴിയൂ. 24 ന് പരീക്ഷണ ഓട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.
ആറു മെഗാവാട്ട് വൈദ്യുതിയാണ് പെരുന്തേനരുവി ചെറുകിട പദ്ധതിയില്‍ നിന്ന് ഉത്പാദനം പ്രതീക്ഷിക്കുന്നത്. പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിനു കോട്ടം വരാത്തവിധത്തിലും അതിന്റെ മനോഹാരിത സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് സംഭരണിയും പാലവും രൂപകല്പന ചെയ്തിരിക്കുന്നത്.
മൂന്ന് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് പവര്‍ ഹൗസില്‍ സ്ഥാപിക്കുന്നത്. 36 കോടി രൂപ ചെലവില്‍ എറണാകുളം പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍സാണ് സിവില്‍ ജോലികള്‍ നടത്തുന്നത്. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 13 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഫരീദാബാദ് സ്ലോവല് എനര്‍ജി ലിമിറ്റഡിനാണ് ഇലക്ട്രിക്കല്‍ ജോലിയുടെ കരാര്‍്.
തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്ബൈ ടാങ്കിലെത്തിക്കും. 475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്ബൈ ടാങ്കും പൂര്‍ത്തിയായി. ടാങ്കില്‍ നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ വെള്ളം പവര്‍ഹൗസിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. 2011ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്.
തടയണ, പവര്‍ഹൗസ്, കനാല്‍, പാലം എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയായി. ജനറേറ്റര്‍ സ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവോള്ട്ടായി റാന്നി 110 കെവി, പെരുനാട് 33 കെവി സബ്സ്റ്റേഷനുകളിലെത്തിക്കും. റാന്നി സബ്സ്റ്റേഷനില്‍ നിന്നാണ് വിതരണം. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് അരകിലോമീറ്റര്‍ മുകളിലാണ് ഡാം. സംഭരണിയില്‍ വെള്ളം തടയുന്നതോടെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടമാകുമെന്ന ആശങ്കയുണ്ടായിരുന്നു. നിലവില്‍ വര്‍ഷത്തില്‍ പകുതി സമയവും പെരുന്തേനരുവി വെള്ളച്ചാട്ടം വരണ്ട നിലയിലാണ്. മഴക്കാലത്തു മാത്രം പൂര്‍ണമായി ഉത്പാദനം നടത്തിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഡാമിന് ഉയരക്കുറവായതിനാല്‍ ഇതു കവിഞ്ഞു വെള്ളം അരുവിയിലേക്കെത്താനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.
ഡാമിനു മുകളിലൂടെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലവും നിര്‍മിച്ചിട്ടുണ്ട്. ഇരുകരകളെയും ബന്ധിപ്പിച്ച് പുതിയൊരു പാത കൂടി ഇതോടെ തെളിയും. ചെറുവാഹനങ്ങള്‍ ഇതുവഴി കടത്തിവിടും. പെരുന്തേനരുവി ഇടത്തിക്കാവ് അരുവിയില്‍ നിന്ന് കുടുമുരുട്ടി ചണ്ണ ഭാഗത്തേക്കാണ് റോഡ് എത്തുന്നത്. സംഭരണിയില്‍ വെള്ളം നിറയുന്നതോടെ ബോട്ടിംഗ് അടക്കമുള്ള ടൂറിസം സാധ്യതകളും തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: