തിരൂര്‍: തീരദേശത്ത് ഏകപക്ഷീയമായ സിപിഎം അക്രമങ്ങള്‍ ജനജീവിതം ദുരിതത്തിലാക്കുന്നു. കടലോര മേഖലയായ കൂട്ടായി പടിഞ്ഞാറേക്കര മുതല്‍ ഉണ്യാല്‍ വരെയുള്ള പ്രദേശങ്ങളിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം അക്രമം അഴിച്ചുവിടുന്നത്.
ഒരു മാസത്തിനിടെ ഇരുപതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറേക്കര, പടിയം, പറവണ്ണ, ഉണ്യാല്‍ പ്രദേശങ്ങളിലെ സിപിഎം അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുന്നതും വിവാദമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മുതല്‍ യാത്രക്കാര്‍ വരെയുള്ള സാധാരണ ജനങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ഹര്‍ത്താലുകള്‍ക്കും തീരദേശം സാക്ഷ്യം വഹിച്ചു. ജനുവരി 28, 31 തിയതികളില്‍ പുറത്തൂര്‍ പഞ്ചായത്തിലും ഈ മാസം അഞ്ചിന് പുലര്‍ച്ചെ ഉണ്യാലിലുണ്ടായ ആക്രമണത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലുമായിരുന്നു ഹര്‍ത്താല്‍. അപ്രതീക്ഷിതമായുണ്ടാകുന്ന ഹര്‍ത്താലുകള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. പടിഞ്ഞാറെക്കരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ.വി.ഹനീഫയുടെ വീടിനുനേരെ സിപിഎമ്മുകാര്‍ തന്നെ കല്ലേറ് നടത്തി. അത് ആര്‍എസ്എസിന്റെ മേല്‍ ആരോപിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ 28ന് ഹര്‍ത്താല്‍ ആചരിച്ചത്. എബിവിപി ജില്ലാ കണ്‍വീനര്‍ വിഷ്ണുവിനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പുറത്തൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലും എബിവിപി ജില്ലയില്‍ വിദ്യാഭ്യാസ ബന്ദും ആചരിച്ചിരുന്നു.
വീണ്ടും കഴിഞ്ഞ ദിവസം സിപിഎം നിറമരുതൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഫുട്ബോള്‍ ഗ്രൗണ്ടില്‍ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവര്‍ത്തകരെ ലീഗുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു അത്. അക്രമികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് വീണ്ടും അക്രമം നടത്താന്‍ സിപിഎമ്മിന് പ്രോത്സാഹനമാകുന്നു. നിരപരാധികളായ ബിജെപി പ്രവര്‍ത്തകരും അടുത്തിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരുമാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. ഇവര്‍ക്കു വേണ്ട നഷ്ടപരിഹാരങ്ങളും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല.
പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം ഇടപെടുന്നതും അക്രമം ആവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: