കൊല്ലങ്കോട്:ചിറ്റൂര്‍ താലൂക്കിലെ മുതലമട,കാമ്പ്രത്ത് ചള്ള,കൊടുവായൂര്‍,കൊഴിഞ്ഞാമ്പാറയിലെ മൂങ്കില്‍മട, കരുവപ്പാറ എന്നവിടങ്ങളില്‍ സിവില്‍ സപ്ലൈസ്നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 2450കിലോ റേഷനരി പിടികൂടി.
ജില്ല സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചിറ്റൂര്‍,ഒറ്റപ്പാലം,പാലക്കാട് ടിഎസ്ഒമാരായ ആര്.മനോജ്,ബഷീര്‍,ശശിധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊഴിഞ്ഞാമ്പാറ മൂങ്കില്‍മടയില്‍ ശശിധരന്,ആര്ഐമാരായ വിജയന്,മോളി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രാജു എന്നയാളുടെ ഉടമസ്ഥതയിലുള്ള താത്കാലിക ഷെഡില്‍ നിന്നും 952 കിലോ പുഴുങ്ങലരിയും 108 കിലോ പച്ചരിയും മെട്രോ ത്രാസും പിടികൂടി.
കരുവപ്പാറയില്‍ സര്‍ദാറിന്റെ ഉടമസ്ഥതയില്‍ നിന്നു 196 കിലോ പുഴുങ്ങലരിയും പിടികൂടി. പിടിച്ചെടുത്ത അരി കൊഴിഞ്ഞാമ്പാറ സംഭരണശാലയിലേക്ക് മാറ്റി.
ആര്.മനോജിന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ആര്‍ഐ ജയനും സംഘവും മുതലമട കാമ്പ്രത്ത് ചള്ളയില്‍ നടത്തിയ പരിശോധനയില്‍ പ്രസാദ് ട്രേഡേഴ്സില്‍ നിന്നും 410 കിലോ പുഴങ്ങലരി പിടികൂടി. പിടികൂടിയ അരി ഊട്ടറയിലെ സംഭരണശാലയില്‍ എത്തിച്ചു.
ബഷീറും ആര്‍ഐ ക്യഷ്ണദാസും കൊടുവായൂരില്‍ നടത്തിയ പരിശോധനയില്‍ കുഴല്‍മന്ദം പാതയിലെ സക്കറിയ സ്റ്റോഴ്സില്‍ നിന്നും 488 കിലോ പുഴുങ്ങലരിയും 296 കിലോ പച്ചരിയും പിടികൂടി തത്തമംഗലത്തെ സംഭരണശാലയിലേക്ക് മാറ്റി.
ഇരുപതോളം അരിക്കടകളില്‍ നടത്തിയ പരിശോധനയില്‍ 16 ഓളം കടകളില്‍ വ്യാപകമായ കൃത്രിമം കണ്ടെത്തിയതായി ചിറ്റൂര്‍ ടിഎസ്ഒ ആര്.മനോജ് പറഞ്ഞു. വിലനിലവാര പട്ടികപ്രദര്ശിപ്പിക്കാതിരിക്കുക,ലൈസന്‍സ് പുതുക്കാതിരിക്കുക, സ്റ്റോക്ക് രജിജ്സ്റ്ററില് വ്യത്യാസം ഉള്‍പ്പെടെ നിരവധി ക്രമക്കേടാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: