പത്തനംതിട്ട: നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലും ക്ലാസ്സുകള്‍ തുടങ്ങുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം കോന്നി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയിരുന്നു. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന് സംഘം സൂചന നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നിലപാടാണ് നിര്‍ണ്ണായകം. 2016 ജനുവരിയിലും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയിരുന്നു. നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ തുടങ്ങുന്നതിലേക്ക് 2015ല്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്കിയ അപേക്ഷയിലാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം കൗണ്‍സില്‍ പ്രതിനിധികള്‍ നടത്തിയ പരിശോധനയില്‍ സൗകര്യങ്ങള്‍ തൃപ്തികരമായി തോന്നാതിരുന്നതിനാല്‍ ക്ലാസ് തുടങ്ങാന്‍ അനുമതി നല്‍കിയില്ല. ഇക്കുറിയാകട്ടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയില്‍ പ്രതിനിധികള്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2018ല്‍ ക്ലാസുകള്‍ തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും സൂചനയുണ്ട്. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോന്നി മെഡിക്കല്‍ കോളജില്‍ 2016ല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് അഖിലേന്ത്യ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയത്.
കോന്നിയില്‍ കെട്ടിടം പണി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാമ്പസിനു പുറത്ത് വാടകയ്ക്കു കെട്ടിടമെടുത്ത് ക്ലാസ ്തുടങ്ങാമെന്നായിരുന്നു നിര്‍ദേശം. നടപടികളുടെ ഭാഗമായി പ്രിന്‍സിപ്പല്‍ അടക്കം ഇരുപതിലധികം ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും കോന്നിയിലേക്ക് നിയമിക്കുകയും മെഡിക്കല്‍ കോളജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പത്തനംതിട്ട ജനറല്‍ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളജാക്കി ഉത്തരവിറങ്ങുകയും ചെയ്തതാണ്. ഇലന്തൂര്‍, ഏനാദിമംഗലം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മെഡിക്കല്‍ കോളജിന്റെ ഭാഗമാക്കാനും തീരുമാനമുണ്ടായി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി മെഡിക്കല്‍ ക്യാമ്പുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. പരിശോധനയ്ക്കെത്തിയ മെഡിക്കല്‍ കൗണ്‍സിലിനു താത്കാലിക ക്രമീകരണങ്ങള്‍ ബോധ്യപ്പെട്ടെങ്കിലും കാമ്പസില്‍ സൗകര്യങ്ങളില്ലെന്ന പേരില്‍ തീരുമാനമെടുത്തില്ല. എന്നാല്‍ തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന് സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ക്ലാസുകള്‍ തുടങ്ങാനുള്ള അനുമതിയും നല്കി. അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട നയം മാറ്റുകയും രണ്ട് മെഡിക്കല്‍ കോളജുകളുടെയും നടപടികള്‍ മരവിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞവര്‍ഷം നല്കിയ അപേക്ഷ വീണ്ടും മെഡിക്കല്‍ കൗണ്‍സിലിനു മുമ്പിലേക്ക് എത്തിയതിനാലാണ് ഇക്കുറിയും പതിവു പരിശോധന നടത്തി സംഘം മടങ്ങിയത്. 100 സീറ്റിലേക്കാണ് പ്രാഥമികമായി പ്രവേശനാനുമതി തേടിയിരിക്കുന്നത്. കോന്നിയിലെ പ്രാഥമിക കെട്ടിടം പണി അടുത്ത മേയില്‍ പൂര്‍ത്തിയാകുമെങ്കിലും ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാന്‍ വീണ്ടും ഒരുവര്‍ഷം കൂടി വേണ്ടിവരും. ഇക്കുറി ക്ലാസ് തുടങ്ങിയാലും പഴയ അപേക്ഷയിലേതുപോലെ പുറത്തെ സംവിധാനങ്ങള്‍ താത്കാലികമായി ഉപയോഗിക്കേണ്ടിവരും. നേരത്തെ നിയമിച്ചിരുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും പുതിയ സര്‍ക്കാര്‍ സ്ഥലംമാറ്റിയതിനാല്‍ താത്കാലികാടിസ്ഥാനത്തില്‍ വീണ്ടും നിയമനം വേണ്ടിവരും. ഇത്തരം സാഹചര്യങ്ങള്‍ കാരണം ഇക്കുറി ക്ലാസുകള്‍ വേണ്ടെന്ന നിലപാടിലേക്കാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: