മലപ്പുറം: പാലക്കാട് നെന്മാറ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയില്‍. മലപ്പുറം സ്വദേശി അഷറഫ്(39) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറ കേന്ദ്രീകരിച്ച് ബിഎസ്എന്‍എല്‍, ഡോക്കോമോ, റിലയന്‍സ് കമ്പനികളുടെ വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശ ഫോണ്‍കോളുകള്‍ വിളിച്ച കേസിലെ പ്രധാന പ്രതിയാണ്.
2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നുമാസത്തെ സമാന്തര പ്രവര്‍ത്തനത്തിലൂടെ ബിഎസ്എന്‍എല്‍, ഡോക്കോമോ, റിലയന്‍സ്, കമ്പനികള്‍ക്ക് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടം വന്നതായി കണക്കാക്കിയിരുന്നു. ഇതില്‍ ഒരുകോടി നാല്പത്തി രണ്ടുലക്ഷം ടെലഫോണ്‍ കമ്പനികള്‍ക്കും മുപ്പത്തിരണ്ടുലക്ഷത്തി എഴുപത്താറായിരം രൂപ നികുതി ഇനത്തിലുമാണ് നഷ്ടം.
വല്ലങ്ങിയില്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ച സമാന്തര എക്സ്ചേഞ്ചില്‍ നിന്ന് യുഎഇ കേന്ദ്രീകരിച്ചാണ് കോളുകള്‍ ചെയ്തത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് നെന്മാറ പോലീസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് 2015 നവംബറില്‍ സിം വിതരണം ചെയ്ത മലപ്പുറം സ്വദേശി ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കെട്ടിടം വാടകക്ക് നല്കിയ ഉടമയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിനുശേഷം അഷ്റഫ് ബാംഗ്ലൂരിലായിരുന്നു. പത്താംതരം തോറ്റ അഷ്റഫാണ് സമാന്തര എക്സ്ചേഞ്ച് സ്ഥാപിച്ചത്. അഷ്റഫിനെ ആലത്തൂര്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: