തിരുവല്ല: ഇഴഞ്ഞുനീങ്ങുന്ന ബൈപ്പാസ് നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ശക്തമായ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ജോലികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഫ്ലൈഓവറിന്റെ നിര്‍മ്മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളും രാമഞ്ചിറ ഭാഗത്തെ നിര്‍മ്മാണവുമെല്ലാം അനിശ്ചിതത്വത്തിലാണ്. പലവിധ കാരണങ്ങളാല്‍ ഇഴഞ്ഞുനീങ്ങുന്ന ബൈപ്പാസ് നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും താലൂക്ക് സഭ കുറ്റപ്പെടുത്തി. കാവുംഭാഗം മുത്തൂര്‍ റോഡ്, റെയില്‍വേ സ്റ്റേഷന് വൈ.എം.സി.എ റോഡ് ഉള്‍പ്പെടെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡുകളുടെ തകര്‍ച്ച ജനങ്ങളെ ദുരിതത്തിലാക്കിയെന്നും താലൂക്കിലെ മറ്റു റോഡുകളുടെ തകര്‍ച്ചയും പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുണ്ടായി.
പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരെ കണ്ടെത്തി അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണം. പമ്പ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലുകളുടെ തകരാറുകള്‍ പരിഹരിച്ച് നീരൊഴുക്ക് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.കെ.റോഡില്‍ മഞ്ഞാടിയില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ നീക്കി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധമുയര്‍ത്തി. നാട് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും വിവിധ ഭാഗങ്ങളിലുള്ള പൈപ്പ്പൊട്ടല്‍ പരിഹരിച്ച് കുടിവെള്ളം കൃത്യമായി വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണം. താലൂക്ക് സഭയില്‍ ജനപ്രതിനിധികള്‍ കുറഞ്ഞതും വിമര്‍ശനമുണ്ടാക്കി. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: