കുറെക്കാലമായി നമ്മളൊക്കെ കണ്ടിട്ട്. ജീവിതമല്ലേ, അങ്ങനെയൊക്കെയുണ്ടാവുമെന്ന് നമ്മുടെ പഴയ കണാരേട്ടൻ പറയുന്നുണ്ട്. ഒരു ശ്വാസമെടുത്ത് ഭൂമിയിലേക്കുവരുന്നു. ആ ശ്വാസം പോലും ഇവിടെ ഉപേക്ഷിച്ച് തിരിച്ചുവരാത്ത യാത്ര പോകുന്നു. അഥവാ തിരിച്ചുവന്നാലും മേപ്പടി സ്ഥലങ്ങളോ, ആളുകളോ അപരിചിതം. അങ്ങനെയുള്ളപ്പോൾ ഇടയ്‌ക്കിടെ ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് സ്വാഭാവികം. അങ്ങനെയെങ്കിലും ആരെങ്കിലും ഓർക്കുമല്ലോ. ഇത്തവണ ജീവിതത്തെപ്പറ്റി ദാർശനികമായ ഒരു നിരീക്ഷണം നടത്തിയത് മ്മടെ കണാരേട്ടന്റെ ഉറ്റ സുഹൃത്ത് കുമാരേട്ടനാണ്.
മൂപ്പരുടെ പണിയാണെങ്കിൽ കല്ല് ചെത്തൽ. എന്നുവെച്ചാൽ ചെങ്കല്ല് നല്ല പരുവത്തിൽ ചെത്തി മിനുക്കിയെടുക്കൽ. ഇനി കുമാരേട്ടന്റെ ഭാഷയിൽ തന്നെ അതങ്ങ് പറയാം: ”പടച്ചോന്റെ കൈയിൽ നിന്ന് ലോൺ വാങ്ങിയാണ് ഓരോരുത്തരും ഇങ്ങോട്ടു പോരുന്നത്. ചിലരത് സ്ഥിര നിക്ഷേപമാക്കി പലിശ വാങ്ങി ജീവിക്കും. ചിലരോ പെരുങ്കടം (ഓവർഡ്രാഫ്റ്റ്) ആക്കും”. ഇതിന്റെ സാരാംശം മനസ്സിലാകാത്തവർക്ക് ഒരു വിശദീകരണം തരാം. അതായത് ജീവിതത്തിൽ നന്മയും കാരുണ്യവും പുലർത്തുന്നവർ പടച്ചോനിൽ നിന്ന് കടം വാങ്ങിയ ജീവിതം സ്ഥിര നിക്ഷേപമാക്കുകയാണ്.
ദാഹിച്ചുവലഞ്ഞവന് ഒരു ഗ്ലാസ് വെള്ളം നൽകുക, കണ്ണീരൊപ്പാൻ കൈ നീട്ടുക, അവശനായി കിടക്കുന്നവനെ ആശ്വസിപ്പിക്കുക തുടങ്ങിയ വയൊക്കെ. അവരൊക്കെ ജീവിതാവസാനം മോക്ഷമാർഗ്ഗത്തിലൂടെ പരമപദത്തിലെത്തുന്നു. മറ്റുചിലരോ ? സമൂഹത്തിന് മൊത്തം ശാപമായിത്തീരുന്നു. ക്രൂരതകളിലൂടെ, വഞ്ചനകളിലൂടെ, കാപട്യത്തിലൂടെ അവർ പെരുങ്കടം വരുത്തിവെക്കുന്നു. തലമുറ തലമുറകൾ കൈമാറി ആ കടം വീട്ടാനാവാതെ നരകിക്കുന്നു. ഇതാണ് കുമാരേട്ടൻ പറഞ്ഞ വലിയ ദർശനം. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഇങ്ങേത്തലയ്‌ക്കലുള്ള കുമാരേട്ടന് ഇതൊക്കെ എവിടുന്ന് കിട്ടി? അറിയില്ല. ജീവിതത്തിന്റെ കാണാപ്പുറത്ത് ഇനിയും ഇങ്ങനെയെത്രയെത്ര പേർ. ഇനി ഈ രണ്ട് സംഗതിയും ഒന്നു കൂടി മനസ്സിലാക്കാൻ രണ്ടുദാഹരണങ്ങൾ.
ഒന്ന് ജനു 29ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന ഫീച്ചറാണ്. തിരുവണ്ണാമല സ്വദേശിയായ മണിമാരനെപ്പറ്റി. തലക്കെട്ട് ഇങ്ങനെ. മണിമാരൻ തന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരുപാട് കുഷ്ഠരോഗികളുടെ പരിചരണം ദൈവിക പൂജയായി സ്വയം ഏറ്റെടുത്ത മണിമാരൻ. തട്ടുകട നടത്തി സമ്പാദിക്കുന്നതത്രയും മരുന്നായും ഭക്ഷണമായും വസ്ത്രമായും ഈ രോഗികൾക്ക് നൽകുന്ന ദൈവഹൃദയമുള്ളയാൾ. അമേരിക്കയിലെ അന്താരാഷ്‌ട്ര തമിഴ് സർവകലാശാല ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ട രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിനെ കാണാൻ മണിമാരൻ എത്തി. ആ വലിയ മനുഷ്യനോടുള്ള ആദരവുകൊണ്ട് അടുത്തിരിക്കാൻ മണിമാരന് വിഷമമായി. അപ്പോൾ അബ്ദുൾ കലാം ഇങ്ങനെ പറഞ്ഞത്രെ: എന്നോടുള്ള ബഹുമാനം കൊണ്ടാണ് ഇരിക്കാത്തതെങ്കിൽ ഞാനും ഇരിക്കുന്നില്ല. കാരണം എനിക്ക് നിന്നോടും ബഹുമാനമാണ്. ഞാനും നിന്നോളാം. ആ വലിയ മനുഷ്യന്റെ സ്‌നേഹനിർഭരമായ ആലിംഗനത്തിൽ കോരിത്തരിച്ചുപോയ മണിമാരന് ഒന്നും പറയാനായില്ല. എല്ലാ മാസവും ആയിരം രൂപ മണിമാരന്റെ പേരിൽ കലാം അയച്ചുകൊടുത്തു. മരണം വരെ അത് വന്നുകൊണ്ടിരുന്നു. ഇവിടെ കുമാരേട്ടൻ പറഞ്ഞ സ്ഥിരനിക്ഷേപത്തിന്റെ പലിശ സ്വീകരിക്കുന്നയാളായി നമുക്ക് മണിമാരനെ ചൂണ്ടിക്കാട്ടാം.
അപ്പോൾ പെരുങ്കടം വരുത്തിവെക്കുന്നയാളോ? സംശയമെന്ത്, വിദ്യാർത്ഥികളുടെ ഭാവിയെടുത്ത് പന്താടുന്ന, അവരെ കൊല്ലാക്കൊല ചെയ്യുന്ന പാചകറാണിയായ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി തന്നെ. അധികാരഗർവും ഭരണകൂട അടുപ്പവും രാഷ്‌ട്രീയ ധാർഷ്ട്യവും കൈമുതലാക്കി ജനാധിപത്യ സംവിധാനങ്ങളെ മൊത്തം അട്ടിമറിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന അവർ ഉണ്ടാക്കിവെച്ച പെരുങ്കടം തീരണമെങ്കിൽ ഇനിയെത്ര തലമുറകൾ പെടാപ്പാട് പെടേണ്ടിവരും. ആയതിനാൽ സഹൃദയരേ നമുക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശകൊണ്ട് ആർക്കും ഉപദ്രവമില്ലാതെ കഴിയാം. (ദൈവത്തിൽ വിശ്വാസമില്ലാത്തവർ ഇതൊരു സോദ്ദേശ്യ വിവരണമായി എടുത്താൽ മതിയെന്ന് പിൻകൂർ ജാമ്യമെടുത്തിരിക്കുന്നു).
********** ********** **********
നമ്മുടെ അന്തോണിച്ചന് കുറച്ചുകാലമായി സ്ഥലകാലബോധം നഷ്ടമായിരിക്കുന്നു എന്നൊരു പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അതിൽ അത്യാവശ്യം വസ്തുതയുണ്ടുതാനും. എന്നാൽ ഒരു കാര്യം വളരെ വിഷമത്തോടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതെന്താണെന്നുവെച്ചാൽ പകൽ കോൺഗ്രസ്സും രാത്രി ആർഎസ്എസുമായവർ പാർട്ടിയിൽ വേണ്ട എന്ന്. ഒറ്റ നോട്ടത്തിൽ ഇതിൽ അപകടം മണക്കാം. അതാണ് ധീരസുധീരനും ചെന്നിത്തലയും അങ്കം കുറിച്ച് രംഗത്തിറങ്ങിയത്. വാസ്തവത്തിൽ അന്തോണിച്ചൻ പറഞ്ഞതിലെ വസ്തുതയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കിൻ. പകൽ എന്തു പ്രശ്‌നമുണ്ടായാലും പരിഹരിക്കാനും തടയാനും എളുപ്പമാണ്. എന്തും കൈയെത്തും കാലെത്തും ദൂരത്ത്.
അത്തരമൊരു പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസ്സുകാർ വേണമെന്നു തന്നെയില്ല. എന്നാൽ രാത്രിയിലോ ? നിതാന്ത ജാഗ്രതയോടെ, സമൂഹത്തിന്റെ സുരക്ഷിതത്വത്തിനായി ആരു രംഗത്തിറങ്ങും ? ആർക്കുണ്ട് ആ കരളുറപ്പ് ? സ്വന്തം ജീവൻ പണയം വെച്ച് അന്യനെ കാത്തുരക്ഷിക്കാൻ പോന്ന ധൈര്യം അന്തോണി പറഞ്ഞ ആർഎസ്എസിനേ ഉള്ളൂ.
തങ്ങളുടെ പ്രവർത്തനം കണ്ട് മറ്റുള്ളവർ സന്തോഷിക്കണമെന്നോ, സഹായം ലഭിക്കണമെന്നോ ആർഎസ്എസിനില്ല. കാരണം അവരുടെ രക്തത്തിൽ തന്നെ സമാജ സേവ അലിഞ്ഞുചേർന്നിട്ടുണ്ട്. കോൺഗ്രസിന്റെ പ്രകടനപരതയുടെ ബലൂൺ വീർപ്പിക്കലല്ല ആർഎസ്എസിന്റെ പ്രവർത്തനം. അതുകണ്ട് പരിഭ്രമിച്ചവശരായ കോൺഗ്രസ് നേതൃനിരയിലെ വയോവൃദ്ധ സമൂഹത്തിന്റെ പ്രതിനിധിയാണ് അന്തോണിച്ചൻ. ആർഎസ്എസിന്റെ നേതൃശേഷിയും ആത്മാർത്ഥതയും ഇപ്പറഞ്ഞ കോൺഗ്രസ്സുകാർക്ക് ഒരിക്കലും ഉണ്ടാവില്ലെന്ന ബോധ്യത്തിന്റെ ബഹിർസ്ഫുരണമാണ് അദ്യത്തിൽ നിന്നുണ്ടായത്. ഇത്
തിരിച്ചറിഞ്ഞതുകൊണ്ടാവാം അങ്ങനെയല്ല, അങ്ങനെയല്ല എന്ന് സുധീര-ചെന്നിത്തല ചേകോൻമാർ മാറത്തടിച്ച് അലറിക്കരഞ്ഞത്. ഇമ്മാതിരി സാധനങ്ങൾ ഇനിയുള്ള കാലത്ത് ഒരുപാട് ഇറങ്ങാൻ സാധ്യതയുണ്ട്. രത്‌നച്ചുരുക്കം എന്താണെന്നുവെച്ചാൽ തടി കേടാക്കാതെ നാലു പുത്തനുണ്ടാക്കുന്ന ആൾക്കൂട്ടമായി തന്നെ കോൺഗ്രസ് പോയാൽ മതി. അല്ലാതെ കഠിനപാത താണ്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ ചൊറുചൊറുക്ക് കടമെടുക്കേണ്ടെന്ന്. അപ്പോ, അന്തോണിച്ചൻ ആളൊരു ദാർശനികനാണെന്നും അദ്ദേഹം കോൺഗ്രസ്സിന്റെ എക്കാലത്തെയും ദ്രാക്ഷാരിഷ്ടമാണെന്നും മനസ്സിലായല്ലോ. യെസ,് അതിനാൽ വിളിക്കിൻ കൂട്ടരേ അച്ചായന് ജയ്.
നേർമുറി
ലക്ഷ്മിനായരെ അഞ്ചു വർഷം
കാമ്പസിൽ നിന്ന് മാറ്റി നിർത്തും: വാർത്ത
പുതിയ രുചികൾക്കായ്
കാത്തിരിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: