മലപ്പുറം: ശുദ്ധജലത്തിനായി മലയോരമേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കാട്ടുചോലകളും വറ്റിവരണ്ടു. പുഴകളുടെ സ്രോതസുകള്‍ മാത്രമല്ല കൈവഴികള്‍ കൂടിയാണ് കാട്ട് ചോലകള്‍. വേനല്‍ ആരംഭത്തില്‍ തന്നെ ചോലകള്‍ വറ്റിയതോടെ വരള്‍ച്ച രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
മുന്‍ വര്‍ഷങ്ങളെക്കാള്‍ മാസങ്ങള്‍ക്ക് മുന്‍പേ തന്നെ മേഖലയില്‍ ചോലകള്‍ വറ്റിയിരിക്കുകയാണ്. വര്‍ഷകാലവും തുലാവര്‍ഷവും വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇത്തവണ പുഴകളും തോടുകളും ഒന്നും തന്നെ നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്നില്ല. കര്‍ക്കിടക മാസങ്ങളിലെ തോരാത്ത മഴയും തുലാവര്‍ഷവും എല്ലാം ഇത്തവണ വളരെ പേരിന് മാത്രമാണ് ലഭിച്ചത്.
വരള്‍ച്ച രൂക്ഷമായതോടെ വനമേഖലയില്‍ മരങ്ങളും കുറ്റിക്കാടുകളും ഉണങ്ങിയിട്ടുണ്ട്. ഇത് ജലസ്രോതസുകള്‍ കൂടുതല്‍ വറ്റാന്‍ കാരണമായിട്ടുണ്ട്. ജല സ്രോതസുകള്‍ വറ്റിയതോടെ കാട്ട് ചോലകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. കുടിവെള്ളം കിട്ടാതായതോടെ ജനങ്ങള്‍ താമസം തന്നെ മാറി തുടങ്ങിയിരിക്കുകയാണ്. വേനല്‍ മഴപെയ്തില്ലെങ്കില്‍ മലയോര ജനത കൂടുതല്‍ ദുരിതത്തിലാകും. കിണറുകളിലെ ജല വിതാനം ഭീഷണമായ വിധത്തില്‍ താഴ്ന്നതോടെ കുഴല്ക്കിണറുകളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലാത്ത ഗതികേടിലാണ് മലയോരത്തെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: