നിലമ്പൂര്‍: കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) 4004.86 കോടി രൂപ അനുവദിച്ച 48 പദ്ധതികളിലും നിലമ്പൂര്‍ ബൈപ്പാസ് ഉള്‍പ്പെട്ടില്ല.
ജനറല്‍ ബോഡി അംഗീകരിച്ച് കഴിഞ്ഞ നവംബര്‍ 18ന് ഇറങ്ങിയ ഉത്തരവിലാണ് 105 കോടിയുടെ നിലമ്പൂര്‍ ബൈപ്പാസ് ഇടം പിടിക്കാതെ പോയത്. ഇതോടെ കിഫ്ബി ബൈപ്പാസിന് ഫണ്ട് നല്‍കുമെന്ന വാദവും പൊളിയുകയാണ്. നിലമ്പൂര്‍ ബൈപ്പാസിന് പകരം 100 കോടിയുടെ താനൂര്‍ കുടിവെള്ള പദ്ധതിയടക്കം 48 പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചു. ജില്ലയില്‍ നിന്നും 74 കോടിയുടെ പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി, വണ്ടൂര്‍ മണ്ഡലത്തിലെ തിരുവാലിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനുള്ള 22 കോടിയുടെ തിരുവാലി സമഗ്ര കുടിവെള്ള പദ്ധതി എന്നിവയാണ് ഇടംപിടിച്ചത്.
ചീക്കോട് പദ്ധതിയെ രാമനാട്ടുകര കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനായി 26 കോടിയും അനുവദിച്ചിട്ടുണ്ട്. കൊണ്ടോട്ടിക്കും സമീപ പഞ്ചായത്തുകള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. റോഡുകള്‍, ഫ്ളൈ ഓവറുകള്‍, കാത്ത്ലാബ്, പെട്രോകെമിക്കല്‍ ആന്റ് ഫാര്‍മ പാര്‍ക്ക് എന്നിവക്കെല്ലാം പണം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ നിലമ്പൂര്‍ ബൈപ്പാസിന് 100 കോടി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ സര്‍ക്കാര്‍ ഭരണാനുമതി നിഷേധിച്ചിരിക്കുകയാണ്. ബൈപ്പാസ് പൂര്‍ത്തീകരണത്തിന് 105 കോടിയുടെ പദ്ധതിക്കാണ് ബജറ്റില്‍ തുക വകയിരുത്തിയില്ലെന്നു പറഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഭരണാനുമതി നിഷേധിച്ചത്. ഇതോടെ റോഡ് പ്രവൃത്തി ഒന്നാംഘട്ടത്തില്‍ മുടങ്ങുകയും ചെയ്തു.
കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ ഒസികെ പടി മുതല്‍ വെളിയംതോട് വരെ ആറ് കിലോ മീറ്റര്‍ ദൂരത്തില്‍ വരുന്ന ബൈപ്പാസിന്റെ ഒന്നാംഘട്ടത്തില്‍ തന്നെ പണി മുടങ്ങുന്നത് നിലമ്പൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: