പൊന്‍കുന്നം: ആല്‍മരവും മാവും വിവാഹിതരായ മുഹൂര്‍ത്തത്തിനു ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസമാജം യുപി സ്‌കൂള്‍ അങ്കണം വേദിയായി.
മോറേസി വൃക്ഷ രാജകുടുംബത്തിലെ ഹൈക്കസ് റിലീജിയോസ് എന്ന ശാസ്ത്രനാമത്തിലും പീപ്പല്‍ എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്ന നാല്‍പ്പാമരത്തിലെ പുത്രനുമായ അരയാലും പഴവര്‍ഗങ്ങളിലെ രാജ്ഞിയും മാന്‍ജിഹെറാ ഇന്‍ഡിക്ക എന്ന സസ്യനാമത്തിലും മാംഗോ എന്ന ഇംഗ്ലീഷ് പേരിലുമുള്ള തേന്മാവും തമ്മിലായിരുന്നു വിവാഹം. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.55നും 1.20നും ഇടയ്‌ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. 100 വര്‍ഷത്തിലേറെയായി ആലും മാവും ഒരേ ചുവട്ടിലാണ് വളര്‍ന്നുനില്‍ക്കുന്നത്.
ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ വൃക്ഷമാംഗല്യത്തിനും ഒരുക്കിയിരുന്നു. നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കി നാദസ്വരത്തിന്റെയും കൊട്ടിന്റെയും കുരവയുടെയും സാന്നിദ്ധ്യത്തിലാണ് ആലിന്റെയും മാവിന്റെയും താലികെട്ട് നടന്നത്. ‘ആത്മാവി’ന്റെ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും തയാറാക്കി നല്‍കിയിരുന്നു.
എത്തിയവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നല്‍കി. സ്‌കൂള്‍ അങ്കണം മുത്തുക്കുടകളും പൂമാലകളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. വിവാഹത്തിന് ടി. പി. മോഹനന്‍ പിള്ള മുഖ്യ കാര്‍മികത്വം വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എന്‍. രാജരത്‌നം അരയാലിനു വേണ്ടി തേന്മാവില്‍ മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത താലി ചാര്‍ത്തി. വിവാഹ രജിസ്‌ട്രേഷനും നടന്നു.
വനംവന്യജീവി ബോര്‍ഡംഗവും വനമിത്ര അവാര്‍ഡ് ജേതാവുമായ കെ. ബിനു, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ബിജു, സെക്രട്ടറി കെ.റ്റി. ബാബു, ട്രഷറര്‍ കെ.പി. ഭാസ്‌കരന്‍ പിള്ള, ഹെഡ്മാസ്റ്റര്‍ എന്‍.പി. ശ്രീകുമാര്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ടി.പി. രവീന്ദ്രന്‍ പിള്ള എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
















