കറുകച്ചാല്‍ : കറുകച്ചാല്‍ ടൗണിലും ചന്തയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. സംഘം ചേര്‍ന്ന് മദ്യപിച്ചെത്തുന്ന ഇക്കൂട്ടര്‍ ടൗണില്‍ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്. മാര്‍ക്കറ്റില്‍ അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചന്തയില്‍ സ്ഥാപിച്ചിരുന്ന വഴി വിളക്കുകളെല്ലാം ഇവര്‍ നശിപ്പിച്ചു. മദ്യപാനത്തിന് ശേഷം പരസ്പരം ഏറ്റുമുട്ടുന്നത് ഇക്കൂട്ടര്‍ വ്യാപാരികള്‍ക്കും ഭീഷണിയാണ്. വാഴൂര്‍ റോഡില്‍ നിന്നും മല്ലപ്പള്ളി റോഡില്‍ നിന്നും മാര്‍ക്കറ്റില്‍ എത്താന്‍ റോഡുകളുണ്ട്. ഈ റോഡുകളിലുള്ള വഴിവിളക്കുകളാണ് ഇവര്‍ പ്രധാനമായും തകര്‍ത്തത്. ഈ ഭാഗങ്ങളില്‍ പരസ്യമായാണ് ഇവര്‍ മദ്യപാനം നടത്തുന്നത്. ബസ് സ്റ്റാന്‍ഡിലും മദ്യപ ശല്യം രൂക്ഷമാണെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. കംഫര്‍ട്ട് സ്റ്റേഷനിലെ ശൗചാലയത്തിലിരുന്നണ് ഇവര്‍ മദ്യപിക്കുന്നത്. ഇവിടിരുന്ന് മദ്യപിച്ച ശേഷം പുറത്തേക്ക് എത്തുന്ന ഈസംഘം ബസ് കാത്തുനില്‍ക്കുന്നവരുടെ ഇടയില്‍ കയറി യാത്രക്കാരെ അസഭ്യം പറയുന്നതും പതിവാണ്. ഉടന്‍തന്നെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും പറയുന്നത്.
















