കേരളത്തിലെ ഗണിതശാസ്ത്ര പഠനരംഗത്ത് അദ്വിതീയനാണ് അജിത്കുമാര്‍ രാജ. ശരാശരിയിലും താണ നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെപ്പോലും ഗണിതശാസ്ത്ര പരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ പ്രാപ്തരാക്കുന്ന അജിത്കുമാര്‍ രാജയുടെ വിശേഷങ്ങള്‍
കയ്പല്ല; പാല്‍പ്പായസം പോലെ മധുരം
ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് കണ്ടുപിടിച്ചത് ചാക്കോമാഷാണ്. കയ്യില്‍ ചൂരലും ഉണ്ടക്കണ്ണുകളും പരുക്കന്‍ ശബ്ദവുമായി കണക്കുപഠിപ്പിക്കാനെത്തുന്ന ചാക്കോമാഷുമാര്‍ എന്നും വിദ്യാര്‍ത്ഥികളുടെ പേടിസ്വപ്നമാണ്. എന്നാല്‍ കണക്കിനെ പാല്‍പ്പായസം പോലെ മധുരമുള്ളതാക്കിമാറ്റുന്ന ഒരദ്ധ്യാപകനുണ്ട് തൃശൂരില്‍. ഭൂഗോളത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിന്റെ തന്നെ നിലനില്‍പ്പ് ഗണിതശാസ്ത്ര തത്വങ്ങള്‍കൊണ്ട് വ്യാഖ്യാനിക്കാനാകുമെന്ന് കരുതുന്ന അജിത്കുമാര്‍ രാജ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിപ്പുകാരും വെറുക്കപ്പെട്ടവരാകുന്ന പുതിയകാലത്ത് തന്റെ വേറിട്ട അദ്ധ്യാപന ശൈലിയിലൂടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇടംപിടിക്കുന്നു അദ്ദേഹം. കണക്കിന്റെ ബാലപാഠങ്ങള്‍പോലും അറിയാത്തവര്‍ അജിത്കുമാര്‍ രാജയുടെ മുന്നിലെത്തിയാല്‍ പിന്നെ നല്ല കണക്കപ്പിള്ളമാരായാകും പുറത്തിറങ്ങുക.
പ്രണയം കണക്കിനോട്
ഗണിതശാസ്ത്രത്തോടുള്ള കടുത്ത പ്രണയം തന്നെയാണ് അജിത് രാജയെ ചെറുപ്പത്തിലെ അദ്ധ്യാപനത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയത്. സമാന്തര-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും വലിയ പ്രതീക്ഷകളില്ലാതിരുന്ന ഒരുകാലത്താണ് അജിത്കുമാര്‍ രാജ തന്റെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിടുന്നത്. ഇന്ന് അഞ്ച് കാമ്പസ്സുകളിലായി ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരുവലിയ സര്‍വകലാശാലയായി അജിത്രാജയുടെ ശക്തന്തമ്പുരാന് കോളേജ് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്സ് മാറിയിരിക്കുന്നു.
സഹ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അജിത്സാര്‍ വെറുമൊരു മേലധികാരിയോ അദ്ധ്യാപകനോ മാത്രമല്ല. സുഹൃത്താണ്, ഉറ്റ ബന്ധുവാണ്, സഹായിയാണ്. ഈ വിശ്വാസമാണ് ഈ രംഗത്ത് അജിത്കുമാര്‍ രാജയെ സമാനതകളില്ലാത്തയാളാക്കുന്നത്.
1986ല്‍ ഗണിതത്തില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ അജിത്കുമാര്‍ രാജക്ക് മുന്നില്‍ ജീവിതത്തിലെ ഒട്ടേറെ വഴികള്‍ തുറന്നുകിടന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗമോ ബിസിനസ്സോ ഒന്നും രാജയെ പക്ഷെ വശീകരിച്ചില്ല. ഗണിതശാസ്ത്രം അതിനകം മനസ്സുകീഴടക്കിയിരുന്നു. ഗുരുവായിരുന്ന പ്രൊഫ. എം.കെ.മേനോന്റെ ആശീര്‍വാദത്തോടെയാണ് ഗണിതശാസ്ത്രത്തില്‍ ട്യൂഷന് സെന്റര്‍ ആരംഭിക്കുന്നത്. കണക്കിനോടുള്ള വിദ്യാര്‍ത്ഥികളുടെ മനോഭാവം മാറ്റിയെടുക്കണമെന്ന ചിന്തയായിരുന്നു മനസ്സില്‍. 1986 ആഗസ്റ്റ് നാലിന് ഒരു വിദ്യാര്‍ത്ഥി മാത്രമായി തൃശൂരിലെ ശക്തന് തമ്പുരാന് കൊട്ടാരത്തില്‍ അജിത് രാജ ആരംഭിച്ച ആ സമാന്തര ഗണിത പഠനകേന്ദ്രമാണ് ഇന്ന് കേരളത്തിലെത്തന്നെ ഏറ്റവും വലിയ സമാന്തര കലാലയങ്ങളിലൊന്നായി മാറിയിട്ടുള്ളത്.
ഇത് സാധാരണക്കാരന്റെ അക്കാദമി
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മണക്കുളം മല്ലികത്തമ്പുരാട്ടിയുടേയും വാരണക്കോട് ഇല്ലത്തെ കൃഷ്ണന് നമ്പൂതിരിയുടേയും മകനാണ് അജിത്കുമാര്‍ രാജ. കൊച്ചി രാജകുടുംബമായ രാമവര്‍മ്മ ഭരതന് തമ്പുരാനും പത്നി മണക്കുളം രമത്തമ്പുരാട്ടിയും അജിത്തിനെ വളര്ത്തുമകനായി തൃശൂര്‍ ശക്തന് തമ്പുരാന് കൊട്ടാരത്തിലേക്ക് ദത്തെടുത്തു. അങ്ങനെ അജിത്കുമാര്‍ തൃശൂരിന്റെ രാജയായി.
വളരെ ബുദ്ധിശാലികളായ കുട്ടികളെ മാത്രം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് അപവാദമാണ് ഈ രാജാമാഷ്. പഠിപ്പില്‍ തികച്ചും മോശമായ വിദ്യാര്‍ത്ഥികളുടെ കൂടെയിരുന്ന് അവരെ പഠിപ്പിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്ന വെല്ലുവിളി സ്വീകരിക്കാനാണ് അജിത് രാജക്ക് കൂടുതല്‍ താല്പര്യം. ശക്തന് തമ്പുരാന് കോളേജില്‍ പ്രവേശനം ലഭിക്കുന്നതിന് മാര്‍ക്ക് ഒരു മാനദണ്ഡമല്ല. അടിസ്ഥാന യോഗ്യതയുള്ള ആര്‍ക്കും ഇവിടെ പ്രവേശനം കിട്ടും. ആദ്യം വരുന്നവര്‍ക്ക് ആദ്യം പ്രവേശനം. ഇതാണ് രീതി. സീറ്റുകള്‍ കഴിഞ്ഞാല്‍ എത്ര മാര്‍ക്കുള്ളയാളായാലും പിന്നെ പ്രവേശനമില്ല. എയ്ഡഡ് കോളേജുകളിലോ ഗവണ്മെന്റ് കോളേജുകളിലോ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാണ് ശക്തന് തമ്പുരാന് കോളേജ്. 2003 മുതല്‍ മൂന്നുവര്‍ഷമൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും എംഎസ്സി മാത്തമാറ്റിക്സ് റാങ്ക് ശക്തന്തമ്പുരാന് കോളേജിനാണ് എന്നറിയുമ്പോഴാണ് അജിത് രാജയുടേയും സഹ അദ്ധ്യാപകരുടേയും പ്രവര്‍ത്തനത്തിന്റെ ആഴവും ആത്മാര്‍ത്ഥതയും മനസ്സിലാവുക.
സാധാരണക്കാര്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാണ്. ഫീസിളവിന് സര്‍ട്ടിഫിക്കറ്റുകളൊന്നും അജിത് രാജ ചോദിക്കാറില്ല.വിദ്യാര്‍ത്ഥി നേരിട്ട് അദ്ദേഹത്തെ കണ്ട് പറഞ്ഞാല്‍ മതി. ഏതു വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസ് സൗജന്യമുള്ളതെന്ന് മറ്റ് അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പോലും അറിയില്ല. ചുരുക്കം ചില സ്റ്റാഫുകള്‍ക്കും അജിത് രാജക്കും മാത്രമാണ് ഇക്കാര്യം അറിയുന്നത്.
ശിഷ്യന്മാരല്ല കുടുംബാംഗങ്ങള്‍
ഊഷ്മളമായ ഗുരു-ശിഷ്യബന്ധമാണ് അജിത്കുമാര്‍ രാജ തന്റെ സ്ഥാപനത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. ഇവിടെ അദ്ധ്യാപകര്‍ വഴികാട്ടികളായി മാറുന്നു. ശിഷ്യര്‍ സ്നേഹപൂര്‍വം അയക്കുന്ന ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ശേഖരിച്ച് വെക്കുകയാണ് അജിത് രാജയുടെ ഹോബി.
ആദ്യകാലത്ത് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് രാജ പരിഗണിച്ചിരുന്നത്. കൊട്ടാരത്തില്‍ തന്നെയായിരുന്നു ക്ലാസ്. പഠനത്തില്‍ തീരെ നിലവാരം കുറഞ്ഞവര്‍ക്കുവേണ്ടി പ്രത്യേക രാത്രിക്ലാസുകള്‍ ഉണ്ടാകും. ഈ സമയത്ത് അവര്‍ക്ക് വേണ്ട ഭക്ഷണം കൊട്ടാരത്തില്‍ ചെറിയമ്മ രമതമ്പുരാട്ടി തയ്യാറാക്കി നല്‍കും. ഒരു രൂപപോലും ഫീസ് വാങ്ങാതെയായിരുന്നു വര്‍ഷങ്ങളോളം കൊട്ടാരത്തിലെ ഈ ക്ലാസ്. അന്ന് കൊട്ടാരത്തിലെ രാത്രിക്ലാസുകളില്‍ എത്തിയവര്‍ പിന്നീട് ജീവിതത്തില്‍ ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കി ഉന്നതങ്ങളിലെത്തി.
പറഞ്ഞ തീയതിക്കകം ഫീസടച്ചില്ലെങ്കില്‍ ഫൈനും സൂപ്പര്‍ഫൈനും ഈടാക്കുന്നവരില്‍ നിന്നും വ്യത്യസ്തനാണ് അജിത്രാജ. ഇവിടെ ഫൈനോ സൂപ്പര്‍ഫൈനോ ശിക്ഷകളോ ഇല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഫീസ് വൈകാറുണ്ട്. പക്ഷെ കുട്ടികളുടെ വിഷമം മനസ്സിലാക്കി ആരേയും നിര്‍ബന്ധിക്കാറില്ല അദ്ദേഹം. ഭാര്യ രേണുക രാജയും മകന് രോഹിത് രാജയും അദ്ദേഹത്തിന്റെ പാതയില്‍തന്നെ അദ്ധ്യാപനരംഗത്താണ്.
യന്ത്രങ്ങളല്ല തലച്ചോറാണ് കേമന്‍
ആധുനിക കാലത്തെ അദ്ധ്യാപന രീതികളോടുമുണ്ട് അജിത്രാജക്ക് വിയോജിപ്പുകള്‍. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സ്റ്റേറ്റ് സിലബസിന് നല്ല കോച്ചിങ്ങ് കൂടി ലഭിച്ചാല്‍ മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ പഠനരീതി അപാകതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും പിന്തള്ളപ്പെട്ടുപോകും.
ഗ്രേഡിങ്ങ് സമ്പ്രദായം വന്നതോടുകൂടി പഠനനിലവാരം താഴ്ന്നു. മാര്‍ക്ക് വാരിക്കോരി കൊടുക്കുന്ന രീതി ശരിയല്ല. പഠനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ മനനത്തിനും ചിന്തക്കുമുള്ള പ്രാധാന്യം കുറഞ്ഞതും വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. കാല്‍ക്കുലേറ്റര്‍ പോലുള്ളവ ഗണിതപഠനരംഗത്ത് കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും ചിന്താശേഷി ഉപയോഗിക്കുന്നത് കുറവായി. ഇത് മൊത്തത്തിലുള്ള നിലവാരത്തെ ബാധിക്കും.
വേദഗണിതത്തിന്റെ ആരാധകന്
വേദഗണിതത്തിന്റെ ആരാധകന് കൂടിയാണ് അജിത്കുമാര്‍ രാജ. വേദിക് മാത്തമാറ്റിക്സ് പഠിപ്പിക്കാനായി പലയിടത്തും യാത്രചെയ്തിരുന്നു ആദ്യകാലത്ത്. പിന്നീട് ആ വിഷയത്തില്‍ ആഴത്തിലുള്ള അറിവ് സമ്പാദിച്ചിട്ടുമതി പഠിപ്പിക്കല്‍ എന്ന് തീരുമാനിക്കുകയായിരുന്നു. വേദഗണിതശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും രാജ്യത്ത് പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
ഗണിതശാസ്ത്രം കഴിഞ്ഞാല്‍ പിന്നെ അജിത്കുമാര്‍ രാജയുടെ ചങ്ങാത്തം അക്ഷരശ്ലോകത്തോടാണ്. തുടര്‍ച്ചയായി മൂന്നുവര്‍ഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ അക്ഷരശ്ലോക മത്സര വിജയിയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളിലും അക്ഷരശ്ലോകത്തില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി സമ്മാനം വാങ്ങിയിട്ടുണ്ട്. തൃശൂര്‍പൂരം, ഗുരുവായൂര്‍ ഏകാദശി തുടങ്ങിയവയുടെ ഭാഗമായി നടക്കുന്ന നിരവധി അക്ഷരശ്ലോക മത്സരങ്ങളില്‍ സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്.
കണ്ണുരുട്ടാതേയും വടിയെടുക്കാതേയും വിദ്യാര്‍ത്ഥികളെ കണക്ക് പഠിപ്പിക്കാമെന്ന് തെളിയിച്ച അജിത്കുമാര്‍ രാജക്ക് ജീവിതത്തില്‍ കൃത്യമായൊരു ലക്ഷ്യബോധമുണ്ട്. അത് സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ പഠിക്കാന്‍ അവസരം കിട്ടിയ ഒരാള്‍ അത് ലഭിക്കാത്ത നൂറുകണക്കിനാളുകള്‍ക്ക് ആ അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. അതുകൊണ്ടുതന്നെ നിരാശരാകേണ്ടിവരില്ല ശക്തന്തമ്പുരാന് കോളേജിന്റെ പടിവാതില്‍ക്കലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്. ഇവിടെ പണം പ്രശ്നമല്ല. ബുദ്ധിശക്തിയും. നിങ്ങള്‍ക്ക് പഠിക്കാന്‍ ഒരു മനസ്സുണ്ടോ തീവ്രമായ ആഗ്രഹമുണ്ടോ നിങ്ങളെ പഠിപ്പിക്കാന്‍ അജിത് സാര്‍ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: