മലപ്പുറം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ കൂട്ടസത്യാഗ്രഹത്തില് പ്രതിഷേധമിരമ്പി. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്നലെ ജനകീയ സത്യാഗ്രഹം നടന്നു. രാവിലെ 11 മണിയോടെ മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തിയാണ് പരിപാടി തുടങ്ങിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് അഷ്റഫ് സംസാരിച്ചു. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി ജില്ലാ സഹസംയോജകന് കെ.വി.രാമന്‍കുട്ടി സ്വാഗതവും വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അശാന്തി പടര്ത്തുന്നതിനെതിരെയായിരുന്നു സമരം. സിപിഎമ്മിന്റെ മൃഗീയ സംസ്കാരത്തിനെതിരെ ജനമനസാക്ഷി ഉണര്ത്തുകായെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ നാട്ടില്‍ അശാന്തി പടര്‍ത്തുന്നതിനെതിരെയുള്ള ജനവികാരം അലയടിച്ചു. കണ്ണൂര്‍ ആണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതും പാലക്കാട് കഞ്ചിക്കോട് വീടിന് തീവെച്ച് രണ്ടുപേരെ ചുട്ടുകൊന്നതുമടക്കം സിപിഎം നടത്തിയ ക്രൂരതകള്‍ക്കുള്ള മറുപടിയായി ജനമുന്നേറ്റം രൂപപ്പെടുകയായിരുന്നു ഇവിടെ. എല്‍ഡിഎഫ് ഭരണം വന്നതിന് ശേഷം 13 സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ടതിന്റെ വേദന പരസ്പരം പങ്കുവെച്ചതിനൊപ്പം മലയാളികളുടെ സൈ്വര്യജീവിതത്തിന് തന്നെ ഭീഷണിയായി മാറുന്ന സിപിഎമ്മിനെ ജനകീയമായി പ്രതിരോധിക്കണമെന്ന പ്രതിജ്ഞയുമെടുത്താണ് എല്ലാവരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: