ഖരന് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളിലൊന്നായ വൈക്കത്തപ്പനെ (മറ്റേത് കടുത്തുരുത്തിയും ഏറ്റുമാനൂരും) ഭജിച്ചുകൊണ്ട് തപസ്സുചെയ്ത വ്യാഘ്രപാദമുനി എന്ന സന്യാസിശ്രേഷ്ഠന് ഒരിക്കല്‍ ഒരു ദിവ്യദര്‍ശനമുണ്ടായി. അതിന്‍പ്രകാരം എല്ലാവര്‍ഷവും പ്രസ്തുതദിനത്തില്‍ താന്‍ ജനങ്ങള്‍ക്ക് പ്രത്യക്ഷീഭവിക്കുമെന്ന് ഭഗവാന് മഹര്‍ഷിക്ക് വാക്കുകൊടുത്തു. അത് വൃശ്ചികമാസത്തിലെ അഷ്ടമി നാളാണ്.
കാലാന്തരത്തില്‍ വ്യാഘ്രപാദമുനി തപസ്സിരുന്ന സ്ഥലം വൈക്കമായി മാറി. വൃശ്ചികമാസത്തിലെ അഷ്ടമി, വൈക്കത്തഷ്ടമിയായും. ആ ദിനങ്ങള്‍ വൈക്കം ക്ഷേത്രത്തിലെ ഉത്സവകാലമായും തീര്‍ന്നു. പന്ത്രണ്ടാം ദിവസത്തെ ഉത്സവമാണ് അഷ്ടമി. രാവിലെ ശിവദര്‍ശനം, ഉച്ചയ്ക്ക് സദ്യ, രാത്രി ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് എന്നിവയാണ് അന്നത്തെ പ്രധാന ചടങ്ങുകള്‍. രാവിലെ മൂന്നുമണി മുതല്‍ ദര്‍ശനത്തിന് വരുന്ന ആളുകളുടെ തിരക്കാണ്.
ശൂരപദ്മാസുരനെയും താരകാസുരനേയും നിഗ്രഹിക്കാന്‍ മകന് സുബ്രഹ്മണ്യന് പുറപ്പെട്ടു. പുത്രവിജയത്തിന് ശിവന് അഷ്ടമിദിവസം അന്നദാനം നടത്തുന്നു. ശിവന് മാത്രം നിരാഹാരന്‍. അന്ന് (അഷ്ടമിദിവസം) പൂജയും നിവേദ്യവുമില്ല. ശിവന് ഉപാസിക്കുന്നു. കിഴക്കേ ആനപ്പന്തലില്‍ ശിവന് മകനെ കാത്തിരിക്കുന്നു. വിജയിയായ മകന്റെ-ഉദയനാപുരത്തപ്പന്റെ-എഴുന്നള്ളത്ത് രാത്രിയിലെ പ്രധാന ചടങ്ങാണ്. വാദ്യഘോഷങ്ങളോടും അലങ്കാരങ്ങളോടുംകൂടി ആനപ്പുറത്താണെഴുന്നള്ളത്ത്. രാത്രി ഒരുമണിക്കുശേഷം സുബ്രഹ്മണ്യന്റെ എഴുന്നള്ളത്ത് ക്ഷേത്രനടയിലെത്തും. അപ്പോള്‍ ആനപ്പന്തലില്‍ നില്ക്കുന്ന വൈക്കത്തപ്പന് പ്രദക്ഷിണമായി വരും. സുബ്രഹ്മണ്യനും കൂട്ടുമ്മല്‍ ഭഗവതിയുംകൂടി തെക്കേ ഗോപുരത്തില്‍ നിന്നുവന്ന് ആനപ്പന്തലില്‍ വൈക്കത്തപ്പനോടുകൂടി ചേര്‍ന്ന് വാദ്യഘോഷങ്ങള്‍ മുഴക്കി അണിനിരക്കുന്നു.
ഈ ‘കൂടിപ്പൂജ’ കാണേണ്ട കാഴ്ചതന്നെയാണ്. തുടര്‍ന്ന് ‘വലിയ കാണിക്ക’ തുടങ്ങുന്നു. കറുകയില്‍ വലിയ കൈമളുടെ കാണിക്കയാണാദ്യം. തിരിച്ചുപോകുമ്പോള്‍ കൈമളെ ആളുകള്‍ കൂവുന്ന ഒരു ചടങ്ങുണ്ട്. കണ്ണുതട്ടാതിരിക്കാനാണിതെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് മറ്റാളുകളും കാണിക്കയിടുന്നു. പിന്നീട് വെടിക്കെട്ട്. ആനകളുടെ ക്ഷേത്രപ്രദക്ഷിണം. മകന്-ഉദയനാപുരത്തപ്പന്-യാത്ര ചോദിക്കുന്ന ‘കൂടിപ്പിരിയല്‍’ എന്ന ചടങ്ങാണ് അഷ്ടമിവിളക്കിന്റെ അവസാനം. ശിവന് തിരിച്ചു ശ്രീകോവിലിലേക്കും മകന് ഉദയനാപുരത്തേക്കും എഴുന്നള്ളുന്നു.
ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകള്‍. പിറ്റേദിവസം ക്ഷേത്രത്തില്‍ ആറാട്ടാണ്.
വൈക്കത്തെ പ്രാതല്‍: അന്നദാനപ്രഭുവായ വൈക്കത്തപ്പനുവേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. സദ്യ നടത്തി ബ്രാഹ്മണരെ പ്രീതിപ്പെടുത്തുക എന്നതാണിതിന്റെ ചടങ്ങ്. ബ്രാഹ്മണസദ്യ കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ‘സര്‍വാണിസദ്യ’യുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്.
അരി എത്രവച്ചാലും അതിനുതക്ക ആളുകള്‍ ഉണ്ടാകും. വിഭവങ്ങളും കണക്കിനൊത്തിരിക്കും. ഒരിക്കല്‍ സദ്യയ്ക്ക് ഒരു കോണിലിരുന്ന് ഊണുകഴിക്കുന്ന ഭഗവാനെ വില്വമംഗലം കണ്ടുവെന്നും കണ്ടമാത്രയില്‍, ഭഗവാനും വിളമ്പിക്കൊടുക്കുന്ന പാര്‍വതീദേവിയും അപ്രത്യക്ഷരായെന്നും പാര്‍വതി, വിളമ്പിക്കൊണ്ടിരുന്ന ചട്ടുകം മുട്ടസ്സുനമ്പൂരിയെ ഏല്‍പ്പിച്ചുവെന്നും ഐതിഹ്യം. അന്നുമുതല്‍ മുട്ടസ്സുനമ്പൂതിരിയായി, സദ്യയുടെ പ്രധാന പാചകക്കാരന്. വൈക്കത്തെ ‘വലിയ അടുക്കള’യിലാണ് പാചകം.
‘പതിനാറാന്മാര്‍’ എന്നുവിളിക്കപ്പെടുന്ന പതിനാറു നായര്‍ കുടുംബക്കാര് വിഭവങ്ങള്‍ ഒരുക്കുന്നതിന് മുട്ടസ്സിനെ സഹായിക്കുന്നു. ഊട്ടുപുരയിലും ‘ചെറിയ ദേഹണ്ഡങ്ങള്‍’ നടക്കും. സദ്യയ്ക്ക് വൈക്കത്തപ്പനും പങ്കുകൊള്ളുമെന്നാണ് സങ്കല്‍പ്പം. ഒരില വിഭവങ്ങള്‍ വിളമ്പി ദേവനുവേണ്ടി മാറ്റിവച്ചിട്ടേ പ്രാതലിന് ബാക്കിയുള്ളവര്‍ക്ക് ഇലവയ്ക്കൂ. സദ്യ നടക്കുമ്പോള്‍, നടത്തുന്നയാള്‍ ജപിച്ചുകൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കണമെന്നുണ്ട്. പ്രാതല്‍ കഴിഞ്ഞാല്‍ ‘ആനന്ദപ്രസാദ’മെന്ന പേരില്‍ അടുക്കളയിലെ ചാരവും ഭക്തജനങ്ങള്‍ക്ക് നല്‍കും. പണ്ട് പ്രാതല്‍ വഴിപാടില്ലാത്ത ദിവസമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: