പുനലൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും ജപ്പാന്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന നഗരസഭയുടെ വാഗ്ദാനം വെറുതെയായി. ജലസംഭരണിയില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുവാനുള്ള പൈപ്പുകള്‍ ഇന്നും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ജപ്പാന്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നഗരസഭാ ചെയര്‍മാന്‍ നേരിട്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന വാക്കും വെറു തെയായി.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് ജലമെത്തിക്കാന്‍ 2010ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിമൂലം പുനലൂരിന് യാതൊരുനേട്ടവും ഉണ്ടായില്ലെന്നുമാത്രമല്ല രൂക്ഷമായ ജലക്ഷാമമാണ് സമ്മാനിക്കുന്നത്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കല്ലടയാറ്റില്‍ നിന്നും പ്രതിദിനം 150 ദശലക്ഷം ലിറ്റര്‍ ജലമാണ് പമ്പ് ചെയ്ത് വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കിണറുകളും വറ്റിവരണ്ടു.
ജപ്പാന്‍, മീനാട് കുടിവെള്ള പദ്ധതികള്‍ക്കായി 2500 കോടിയോളം രൂപയാണ് ചിലവഴിച്ചത്. എന്നാല്‍ പദ്ധതി പ്രദേശത്തെ ആര്‍ക്കും ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടായില്ല. അന്നും ഇന്നും എംഎല്‍എയും ഇപ്പോള്‍ മന്ത്രിയുമായ അഡ്വ.കെ.രാജു ജപ്പാന്‍ കുടിവെള്ളം പുനലൂരിന് ലഭ്യമാക്കാന്‍ ഒന്നും ചെയ്യുവാനും ശ്രമിച്ചില്ല. പ്രാദേശിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കാതെ കോടികള്‍ ചെലവിട്ട് നഗരത്തിന് സമീപത്തുള്ള പനംകുറ്റി മലയില്‍ സ്ഥാപിച്ചുട്ടുള്ള കൂറ്റന്‍ പ്ലാന്റുകളും തോളിക്കോട്ടെ പമ്പുഹൗസുകളും ഒക്കെ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം സമ്മാനിക്കുമ്പോള്‍ ജനപ്രതിനിധികളുടെ പിടിപ്പുകേടാണ് തെളിയുന്നത്.
















