തിരൂര്‍: ചലച്ചിത്ര പ്രേക്ഷകര്‍ക്ക് അപൂര്‍വ്വ ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച ദര്‍ശിനി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. സമാപനവേദിയില്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ പുരസ്കരിച്ച പ്രസിദ്ധ സംവിധായകന് കെ.എസ്. സേതുമാധവന് ദര്‍ശിനി പുരസ്കാരം നല്‍കും. മേളയിലെ മത്സരവിഭാഗമായ നവമലയാളസിനിമയിലെ മികച്ച ചിത്രത്തിനുള്ള ദര്‍ശിനി പ്രേക്ഷക അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. 2016 ല്‍ പുറത്തിറങ്ങിയ യുവസംവിധായകരുടെ മലയാളചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുക.
വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ തിരക്കഥാകൃത്ത് ഡോ. സി.ജി രാജേന്ദ്രബാബു, സമാപനചിത്രമായ ‘ഇഷ്ടി’ യുടെ സംവിധായകന് ജി. പ്രഭ എന്നിവര്‍ അതിഥികളായിരിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര മേള അവലോകനം ചെയ്തു സംസാരിക്കും. തുടര്‍ന്ന് സമാപനചിത്രമായ ഇഷ്ടി പ്രദര്‍ശിപ്പിക്കും.
ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലും ചലച്ചിത്രമേളകളിലും നിലനിന്നിരുന്ന കൂട്ടായ്മയും സര്‍ഗ്ഗാത്മകതയും പുന:സ്ഥാപിക്കണമെന്ന് ദര്‍ശിനി ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ദൃശ്യസംവാദത്തില് അഭിപ്രായമുയര്‍ന്നു. സിനിമ ഇരുപതാം നൂറ്റാണ്ടിന്റെ കലയാണ്. കാണാതിരിക്കാന്‍ പറ്റാത്ത വിധത്തില്‍ സിനിമയുമായി ബന്ധമുണ്ടായിരുന്ന വ്യക്തിത്വമുള്ള പ്രേക്ഷകനായിരുന്നു ചലച്ചിത്രമേളകളില്‍ ഉണ്ടായിരുന്നത്. മേളകളിലെ കൂട്ടായ്മകള്‍ കൃത്യമായ രാഷ്ട്രീയ ബോധത്തിലേക്ക് പ്രേക്ഷകരെ നയിച്ചിരുന്നു. ഡിജിറ്റല്‍ യുഗത്തിലെത്തുമ്പോള്‍ ഒറ്റപ്പെട്ട പ്രേക്ഷകനെയാണ് കാണാന്‍ കഴിയുന്നതെന്നും തിയേറ്ററുകള്‍ അച്ചടക്കടത്തിന്റെ പാഠശാലകളായി മാറിയെന്നും ‘ഡിജിറ്റല്‍ യുഗത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചലച്ചിത്രമേളകളും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദത്തില്‍ ഡോ. ഉമര്‍ തറമേല്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ മനുഷ്യനെ കീഴ്പ്പെടുത്താതിരിക്കാന് ജാഗരൂകരായിരിക്കണമെന്ന് മണമ്പൂര്‍ രാജന് ബാബു അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റികള്‍ക്കും മേളകള്‍ക്കും മികച്ച ഭാവി ഉണ്ടാവുമെന്ന് യുവനിരൂപകന്‍ ഹരിനാരായണന് പ്രത്യാശിച്ചു. ഡോ. അന്‍വര്‍ അബ്ദുള്ള മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: