പരവനടുക്കം: തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നതായി എബിവിപി മുന്‍ സംസ്ഥാന വൈസ്.പ്രസിഡന്റ് വൈ.കൃഷ്ണദാസ് പറഞ്ഞു. ലക്ഷ്മി നായര്‍ രാജി വെക്കുക, ലോ കോളേജിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടു പടിക്കല്‍ എബിവിപി നടത്തുന്ന 48 മണിക്കൂര്‍ നിരാഹര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തുണ്ട് ഭൂമിയില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 12 ഏക്കര്‍ ഭൂമി ലോ കോളേജിന് വെറുതെ നല്കിയിരിക്കുയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായ സിപിഐ തന്നെ പ്രക്ഷോഭ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇടപ്പെട്ട് ഭൂമ തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷ്മി നായര്‍ ഇടത് വലത് മുന്നണികളിലെ ചില നേതാക്കളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതു കൊണ്ടാണ് നടപടിയെടുക്കാന്‍ ഭയക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കേണ്ട പ്രിന്‍സിപ്പല്‍ തന്നെ വിദ്യാര്‍ത്ഥികളെ ശത്രുവായി കാണുകയാണ്. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് അവര്‍ രാജിവെക്കുന്നതു വരെ എബിവിപി സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി കെ.ഷിജില്‍, ജില്ല കണ്‍വീനര്‍ പ്രണവ് പരപ്പ എന്നിവരാണ് ഉപവാസം നടത്തുന്നത്. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, എന്‍.ബാബുരാജ്, യുവമോര്‍ച്ച ജില്ല ജന.സെക്രട്ടറി രാജേഷ് കൈന്താര്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജന് മൂളിയാര്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. സമരത്തിന് എബിവിപി നേതാക്കളായ വൈശാഖ്, സജിത്ത്, പി.സുനിത, എന്‍.സ്വാതി, എ.നീതു, വൈശാഖ് കൊട്ടോടി, ശ്രീഹരി അയ്യങ്കാവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: