മലയാളികള്‍ക്ക് അനില്‍ ജ്യോതി റെഡ്ഡിയെ അത്ര പരിചയമുണ്ടാകില്ല. ആന്ധ്രയിലെ വാറങ്കല്‍ എന്ന സ്ഥലത്ത് അനാഥാലയത്തില്‍ വളര്‍ന്ന്, 16-ാം വയസ്സില്‍ കല്യാണം കഴിക്കേണ്ടിവന്നവള്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായിരിക്കെ, കുടുംബം പുലര്‍ത്താന്‍ ദിവസവും അഞ്ചു രൂപ കൂലിയ്ക്ക് പാടത്ത് പണിയെടുത്തിരുന്നു. അത് ഒരുകാലം. ഇന്ന് അമേരിക്കയില്‍ ശതകോടി ഡോളര്‍ ആസ്തിയുളള കീ സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമയാണ് ജ്യോതി!
അച്ഛന്റെ കൈ പിടിച്ച് അനാഥാലയത്തിന്റെ മുറ്റത്തേക്കു നടക്കുമ്പോള്‍ ഒന്‍പതു വയസ്സുകാരി ജ്യോതിയുടെ മുഖത്ത് കൗതുകമായിരുന്നു. ഒപ്പമുണ്ടായിരുന്ന കുഞ്ഞനുജത്തിയുടെ കണ്ണുകളിലും അവള് കണ്ടത് മറ്റൊന്നായിരുന്നില്ല. അനാഥാലയത്തിലെ അധികാരികളോട് അച്ഛന് പറയുന്നത് കേട്ട് അവള് പകച്ചു: ‘അമ്മയില്ലാത്ത എന്റെ ഈ കുട്ടികള്‍ക്കുകൂടി ഇവിടെ ഇടം തരണം.’ കുഞ്ഞു ജ്യോതിയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ചാലിട്ടൊഴുകി, ജീവനോടെയുളള അമ്മ മരിച്ചെന്നു പറയുന്നത് ഏതു മക്കള്‍ക്ക് സഹിക്കും?
പക്ഷേ, അവളുടെ അച്ഛന് വെങ്കട്ട റെഡ്ഡിക്ക് അങ്ങനൊരു നുണ പറയുകയേ വഴിയുണ്ടായിരുന്നുള്ളു. കാരണം, ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബം പോറ്റാന്‍ മാസം 400 രൂപ മാത്രം വരുമാനമുണ്ടായിരുന്ന ആ ദരിദ്ര കര്ഷകന് കഴിയുമായിരുന്നില്ല. കടുത്ത വരള്‍ച്ച മൂലം കൃഷിയും നശിച്ചതോടെ ആകെത്തകര്‍ന്ന ആ മനുഷ്യന് കുട്ടികള്‍ പട്ടിണികിടക്കരുതെന്ന ആഗ്രഹമായിരുന്നു. അതിനാണ് അമ്മയില്ലാത്ത കുട്ടികളെ മാത്രം താമസിപ്പിക്കുന്ന അനാഥാലയത്തില്‍ പ്രവേശനത്തിന് നുണ പറഞ്ഞത്.
അച്ഛന്റേയും അമ്മയുടേയും വേര്‍പാട് രണ്ടു കുഞ്ഞു മക്കളേയും അരക്ഷിതത്വത്തിലാക്കി. രാത്രികളിലവര്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അനുജത്തിയായ വിജയയ്ക്ക് അവിടത്തെ ജീവിതരീതിയുമായി തീരെ യോജിച്ചു പോകാന്‍ പറ്റുമായിരുന്നില്ല. കുറേ ദിവസങ്ങള്‍ക്കു ശേഷം അച്ഛന് അവളെ വീട്ടിലേക്കു കൂട്ടി.
എന്നാല്‍ പഠിക്കാന്‍ അവസരം കിട്ടിയിരുന്നതുകൊണ്ട് ജ്യോതി അവിടെ പിടിച്ചു നില്ക്കാന് തന്നെ തീരുമാനിച്ചു. ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. വര്‍ഷങ്ങള്‍ കടന്നു പോയി. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജ്യോതി പാസായി.
അച്ഛന് വന്നു, പക്ഷേ…
ഒരു ദിവസം അച്ഛന് അവളെ തിരികെ കൊണ്ടു പോകാന്‍ വന്നു. അന്ന് ജ്യോതി സന്തോഷത്താല്‍ മതിമറന്നു, ഇനി അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാമല്ലോ. പക്ഷേ, വീട്ടില്‍ ചെന്നപ്പോഴാണറിഞ്ഞത് അവള്‍ക്ക് വിവാഹമാണെന്ന്. പഠിക്കണമെന്ന ആഗ്രഹം പറഞ്ഞെങ്കിലും വാക്കു പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറാനാവില്ലെന്ന അച്ഛന്റെ നിലപാടിനു മുമ്പില്‍ ജ്യോതിക്കു തലകുനിക്കേണ്ടി വന്നു.
അങ്ങനെ പഠനത്തിന്റെ ലോകത്തുനിന്ന് ദാമ്പത്യ ജീവിതത്തിലേക്കും വീട്ടുജോലികളിലേക്കും ആ 16 വയസുകാരി നയിക്കപ്പെട്ടു. കര്‍ഷകനായ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കും വേണ്ടി മാത്രമായി മാറി ജ്യോതിയുടെ ജീവിതം. ജീവിതച്ചെലവിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവള്‍ക്കും പാടത്തിറങ്ങിപ്പണി ചെയ്യേണ്ടി വന്നു. 18-ാം വയസ്സില്‍ ജ്യോതി രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായി. ദുരിതങ്ങള്‍ ഇരട്ടിച്ചു, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ ജ്യോതി മറ്റു ജോലികള്‍ക്കായുളള ശ്രമം തുടങ്ങി.
വീണ്ടും വീടിനു പുറത്തേക്ക്
അങ്ങനെ ഗ്രാമവാസികളെ സാക്ഷരരാക്കുന്നതിനായുളള സര്‍ക്കാര്‍ പ്രോജക്ടിന്റെ ഭാഗമായി, അവള്‍ക്ക് അദ്ധ്യാപികയായി ജോലി കിട്ടി. രാത്രിയിലായിരുന്നു ജോലി, 120 രൂപ പ്രതിഫലം. കൂടാതെ തയ്യല്‍പ്പണിയും ചെയ്തു. ഒപ്പം പഠനവും. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും കാകതീയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അതോടെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചു. ശമ്പളം 398 രൂപയായി. ജോലിക്കിടയില്‍ സാരികള്‍ വിറ്റും ജ്യോതി വരുമാനം കണ്ടെത്തി.
സ്വപ്ന നഗരി മാടി വിളിച്ചു…
അങ്ങനെയിരിക്കെ, അമേരിക്കയിലുളള ഒരകന്ന ബന്ധുവിനെ കാണാനിടയായതാണ് ജ്യോതിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അമേരിക്കയിലേക്ക് പറക്കാന്‍ അവള് കൊതിച്ചു; കമ്പ്യൂട്ടര്‍ കോഴ്സിനു ചേര്‍ന്നു. രണ്ടു പെണ്മക്കളേയും മിഷണറി ഹോസ്റ്റലിലാക്കി ജ്യോതി പലപല സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പറന്നു.
വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. അവിടെ പിടിച്ചു നില്ക്കാന് അവള് ഗ്യാസ് സ്റ്റേഷനിലും വീഡിയോ ഷോപ്പിലുമൊക്കെ ജോലി നോക്കി. പിന്നീട് അവിടെയുള്ള ബന്ധുവിന്റെ സഹായത്താല്‍ ഒരു കമ്പനിയില്‍ റിക്രൂട്ടറായി ജോലി ലഭിച്ചു. പക്ഷേ, അത് താല്ക്കാലികമായിരുന്നു. അവള് വീണ്ടും ഗ്യാസ് സ്റ്റേഷനിലെ ജോലിയിലേക്കു മടങ്ങി. അവിടെ വച്ചാണ് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചും സംരംഭകയാകുന്നതിനെക്കുറിച്ചുമൊക്കെ ജ്യോതി സ്വപ്നം കണ്ടു തുടങ്ങുന്നത്.
ജോലി ചെയ്തു സമ്പാദിച്ച 40,000 ഡോളര്‍ കൊണ്ട് തന്റെ സോഫ്റ്റ് വെയര്‍ റിക്രൂട്ടിംഗ് കമ്പനിയായ കീ സോഫ്റ്റ്വെയര് സൊല്യൂഷന്‍സിന് അടിത്തറയിട്ടു. ഒക്ടോബര്‍ 2001-നായിരുന്നു അത്. ഇന്ന് 102 കോടി രൂപ വാര്‍ഷിക വിറ്റുവരുമാനമുള്ള കമ്പനിയാണ് കീ സോഫ്റ്റ്വെയര് സൊല്യൂഷന്‍സ്!!
വിവാഹം ജീവിതാവസാനമല്ല…
തീവ്രമായ ആഗ്രഹവും കഠിനാദ്ധ്വാനം ചെയ്യാനുളള മനസ്സുമാണ് ഒരാളെ വിജയത്തിലേക്കെത്തിക്കുന്നതെന്ന് ജ്യോതി. ഏറ്റവും പ്രധാനമായി വേണ്ടത് വേണമെന്നുളള ആഗ്രഹം തന്നെയാണ്. പ്രതികൂല സാഹചര്യങ്ങളിലും ഉയരങ്ങളിലെത്തണമെന്ന ആഗ്രഹമാണ് ജ്യോതിയെ എപ്പോഴും മുമ്പോട്ടു നയിച്ചിരുന്നത്.
ഇന്ത്യയില്‍ സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് പ്രധാനകാരണം അവര്‍ക്ക് തീവ്രമായ ആഗ്രഹങ്ങളില്ലാത്തതാണെന്ന് ജ്യോതി പറയുന്നു. സാമൂഹ്യബന്ധങ്ങളും കുടുംബവുമൊക്കെ അവള്‍ക്കു ചുറ്റും നിയന്ത്രണരേഖ തീര്‍ക്കുന്നു. ‘ആരേയും ആശ്രയിക്കാതെ നില്‍ക്കാനാണ് ഞാന്‍ സ്ത്രീകളോട് പറയുന്നത്. വിവാഹത്തെ ജീവിതത്തിന്റെ അവസാനമായി കാണാതെ ജീവിതത്തിന്റെ ഭാഗമായി വേണം കാണാന്‍,’ജ്യോതിയുടെ വാക്കുകള്‍.
ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണിന്ന് അനില്‍ ജ്യോതി റെഡ്ഡി. ഇന്ത്യയ്ക്ക് അഭിമാനപൂര്‍വ്വം ഉയര്‍ത്തിക്കാട്ടാവുന്ന സ്ത്രീരത്നം. ഇന്ന് ആന്ധ്രാപ്രദേശിലെ കാകതീയ സര്‍വകലാശാല അവരുടെ ജീവിതം പാഠ്യവിഷയമാക്കിയിരിക്കുന്നു. അവര്‍ ഇന്ത്യയിലെ അനാഥാലയങ്ങളിലെ അനേകം കുട്ടികളെ ആവശ്യാനുസരണം സഹായിക്കുന്നു. ധാരാളം സ്ത്രീകളെ സംരംഭകരാകാന്‍ പ്രയത്നിക്കുന്നു.
അനില്‍ ജ്യോതി റെഡ്ഡി
ഡോ. ബി.ആര്. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങില്‍ ബിരുദവും, കാകതീയ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും, സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.
നെഹ്റു യുവകേന്ദ്രയുടെ വയോജന വിദ്യാ പദ്ധതിയുടെ ഭാഗമായി നൈറ്റ് സ്കൂള്‍ ടീച്ചറായി ജോലി ആരംഭിച്ചു. പിന്നീട് നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ സര്‍വ്വീസ് വോളണ്ടിയറായും ലൈബ്രേറിയനായും കുറച്ചുകാലം. അതിനുശേഷം സര്‍ക്കാര്‍ സാമൂഹ്യ അദ്ധ്യാപന പദ്ധതില്‍ അദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചു. 2002-ല്‍ അമേരിക്കയിലെത്തിയ ജ്യോതി അവിടെ കീ സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് എന്ന കമ്പനി സ്ഥാപിച്ചു. പിന്നീട് നോര്‍ത്ത് അമേരിക്ക തെലുങ്ക് അസോസിയേഷന്റെ (NATA)) വിമന്‍ ചെയര്‍ പേഴ്സണായിരുന്നു. ഇപ്പോഴവര്‍ തെലങ്കാന അമേരിക്കന്‍ തെലുങ്ക് അസോസിയേഷന്റെ ((TATA)) ഡയറക്ടര്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ യുഎസ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: