കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ അഴിമതിക്കെതിരായി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം വര്‍ഗ്ഗീയ വല്ക്കരിക്കാന് മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു. അഴിമതി നടത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ലീഗ് ഓഫീസില്‍ നിന്നുള്ള ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ചെയ്യുന്നത്. ബിജെപി ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനോ മറ്റും തയ്യാറാകാതെ ധിക്കാരപരമായാണ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള ലീഗ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് പെരുമാറുന്നത്. വിജിലന്‍സ് കേസില്‍ ആരോപണവിധേയരായ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നൈമുനിസ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഭരണകക്ഷിയായ മുസ്ലിംലീഗ് തയ്യാറായിട്ടില്ല. ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അഴിമതി നടന്നതായി ഖുര്ഹാനാണ് വിജിലന്‍സിനെ സമീപിച്ചത്. അതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് നിരവധി തവണ നഗരസഭയില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം നടത്തി വരികയാണ്. സമാധാനപരമായി സമരം നടത്തുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമണം അഴിച്ച് വിട്ട് ലീഗ് കൗണ്‍സിലര്‍മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കാസര്‍കോടിന്റെ വികസനം ലക്ഷ്യമാക്കി അഴിമതിക്കെതിരെ അവസാന ശ്വാസം വരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് ബിജെപി പ്രസ്ഥാവനയില്‍ അറിയിച്ചു. കാസര്‍കോട് നഗരസഭയില്‍ അഴിമതിയുടെ വിളനിലമാക്കി മാറ്റിയ ലീഗ് നേതൃത്വം കള്ളപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: