പത്തനംതിട്ട : ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം ദിവസത്തെ മല്‍സരത്തില്‍ ഫയര്‍ ഫോഴ്സ് ഇലവനെ തോല്‍പ്പിച്ച് പൊളിറ്റീഷ്യന് ഇലവനും ബാങ്ക് ഇലവനെ പരാജയപ്പെടുത്തി മീഡിയ ഇലവനും സെമിയില്‍ കടന്നു. പ്രസ് ക്ലബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മുസല്യാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പിന് ഇന്ന് സമാപനമാകും. രാവിലെ സെമി ഫൈനല്‍ മല്‍സരങ്ങളും വൈകിട്ട് ഫൈനലും നടക്കും.
രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ ഇറങ്ങിയ രാഷ്ട്രീയക്കാരുടെ ടീം 61 റണ്‍സിനാണ് ഫയര്‍ ഫോഴ്സുകാരെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പൊളിറ്റീഷ്യന് ഇലവന് നിശ്ചിത എട്ട് ഓവറില്‍ നാലു വിക്കറ്റിന് 103 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫയര്‍ ഫോഴ്സ് പക്ഷെ നനഞ്ഞ മട്ടിലായിരുന്നു. നിശ്ചിത എട്ട് ഓവറില്‍ മൂന്നു വിക്കറ്റിന് 42 റണ്‍സെടുക്കാനേ ടീമിന് സാധിച്ചുള്ളൂ. പി. മനോജ് 20 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു.
പൊളിറ്റീഷ്യന് ടീമിന്റെ അലിഖാന് രണ്ട് ഓവറില്‍ ഏഴു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അനൂപ് എസ്. നായര്‍ രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ അടക്കം ഒരു റണ്‍സ് മാത്രം വിട്ടു നല്കി ഒരു വിക്കറ്റെടുത്തു. മുഴുവന്‍ സമയവും ഫീല്‍ഡിങ്ങില്‍ നിന്ന രാജു ഏബ്രഹാം എംഎല്‍എ ആണ് അവസാന ഓവര്‍ എറിഞ്ഞത്. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നിര്‍ണായക ഓവറില്‍ 10 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ.
രണ്ടാമത്തെ മല്‍സരത്തില്‍ മീഡിയ ഇലവന് 23 റണ്‍സിനാണ് ബാങ്ക് ഇലവനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 102 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാങ്ക് ഇലവന് നിശ്ചിത എട്ട് ഓവറില്‍ രണ്ടു വിക്കറ്റിന് 79 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
രാവിലെ നടന്ന മല്‍സരത്തില്‍ നഗരസഭാധ്യക്ഷ രജനി പ്രദീപ്, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: