അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ ക്രെഡിറ്റിനൊപ്പം ഗാന്ധിത്തൊപ്പിയും അടിച്ചുമാറ്റിയാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ചിഹ്നമായ ചൂലിനൊപ്പം തൊപ്പിയും പാര്‍ട്ടിയുടെ മുഖമുദ്രയായി. പഞ്ചാബില്‍ ആപ്പിന്റെ പ്രചാരണയോഗങ്ങളില്‍ ഒരിടത്തും എന്നാല്‍ തൊപ്പി കാണാനില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു നേതാവിന്റെ പ്രതികരണം ഇങ്ങനെ: തൊപ്പിയല്ല, ഇവിടെ വേണ്ടത് ടര്‍ബനാണ്.
സിഖ് സമുദായത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നാണ് ടര്ബന് അഥവാ തലപ്പാവ്. ഇതില്ലാതെ സിഖുകാരെ കാണുക പ്രയാസം. തൊപ്പി ധരിച്ചാല്‍ തോറ്റ് തൊപ്പിയിടേണ്ടി വരുമെന്ന് കെജ്രിവാളിനറിയാം. ടര്ബന് ധരിച്ചാണ് ആപ്പ് നേതാക്കള്‍ ഇപ്പോള്‍ പഞ്ചാബില്‍ നടക്കുന്നത്. വിശ്വാസങ്ങളില്‍ സിഖുകാര്‍ വിട്ടുവീഴ്ച ചെയ്യാറില്ല. മതത്തിന്റെ പേരില്‍ വോട്ടുചോദിക്കരുതെന്ന് കോടതി പറഞ്ഞാലും ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പാര്‍ട്ടികള്‍ സിഖ് വികാരം അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ്. 57.69 ശതമാനമാണ് സിഖ് വിശ്വാസികള്‍. 38.59 ശതമാനം ഹിന്ദുക്കളും. പ്രചാരണത്തിലെ അജണ്ടകള്‍ നിശ്ചയിക്കുന്നത് സിഖ് സമുദായമാണ്.
മണ്ണിന്റെ മക്കള്‍ വാദം മണ്ണടിഞ്ഞിട്ടില്ല പഞ്ചാബില്‍. പ്രചാരണ യോഗങ്ങളില്‍ എന്നത്തേക്കാളും സജീവമാണിത്. പ്രാദേശിക വാദം ഉയര്‍ത്തുന്നതിന് പിന്നിലും സിഖ് വോട്ട് ബാങ്കാണ്. നോട്ട് റദ്ദാക്കല്‍ ഉള്‍പ്പെടെ ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ച വിഷയങ്ങള്‍ പ്രചാരണ യോഗങ്ങളില്‍ കേള്‍ക്കുന്നത് കുറവ്. പഞ്ചാബ് പഞ്ചാബികള്‍ക്ക് എന്ന വാദം ഉയര്‍ത്തുന്നതില്‍ ദേശീയ പാര്‍ട്ടികളുമുണ്ട്. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേദിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ നടത്തിയ പ്രസംഗം ഇതിന് ഉദാരണമാണ്. പഞ്ചാബിക്ക് മാത്രമേ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഔട്ട്സൈഡേഴ്സ് ആണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പഞ്ചാബി എന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ സിഖ് മാത്രമായി ചുരുങ്ങുന്നു.
ബിജെപി – അകാലി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാനര്ത്ഥിയും സിഖുകാരനായ പ്രകാശ് സിംഗ് ബാദലാണ്. രണ്ട് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ബാദലില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുമ്പോഴും സിഖ് വികാരം മുതലെടുക്കാന്‍ അകാലി ദളോ ബിജെപിയോ ശ്രമിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ റാലിയില്‍ പഞ്ചാബ് ഐഡന്റിറ്റി നരേന്ദ്രമോദി ഉയര്‍ത്തിക്കാട്ടിയെങ്കിലും പ്രാദേശികവാദത്തിന്റെ കറപുരളാതിരിക്കാന്‍ ശ്രദ്ധിച്ചു. മണ്ണിന്റെ മകന് എന്ന് അമരീന്ദറിനെ രാഹുല്‍ അഭിസംബോധന ചെയ്തപ്പോള്‍ സിഖ് ഹിന്ദു ഐക്യത്തിനും കര്‍ഷകര്‍ക്കും ഉഴിഞ്ഞുവെച്ച ജീവിതമെന്നാണ് ബാദലിനെ മോദി വിശേഷിപ്പിച്ചത്. അതേസമയം, മയക്കുമരുന്ന് സംസ്ഥാനമെന്ന ആരോപണം നേരിടാന്‍ പഞ്ചാബികളുടെ വികാരത്തെ മോദി കൂട്ടുപിടിക്കുകയും ചെയ്തു.
യുവാക്കള്‍ മയക്കുമരുന്നിന്റെ അടിമകളാമെന്ന കോണ്‍ഗ്രസ്സിന്റെയും ആപ്പിന്റെയും പ്രചാരണം അപമാനിക്കലാണെന്ന് മോദി പറയുന്നു. ഭീകരവാദം പഞ്ചാബിനെ പിടിച്ചുകുലുക്കിയപ്പോള്‍ പോലും ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന ആരും നടത്തിയിട്ടില്ല. ധീരന്മാരുടെ നാടിനെ അവഹേളിച്ചവര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. സിന്ധുനദീജല കരാര്‍ പുനപരിശോധിച്ച് കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തുമ്പോഴും പഞ്ചാബ് എല്ലാവരുടേതുമാണെന്ന ചിന്തപകരാന് മോദിക്ക് സാധിക്കുന്നു. ഇത് കോണ്‍ഗ്രസ്സിന്റെ വൈകാരികതയിലൂന്നിയ പ്രാദേശികവാദത്തില്‍ നിന്നും വ്യത്യസ്തമാണ്.
പ്രാദേശിക വികാരം തിരിച്ചടിയായിരിക്കുന്നത് ആപ്പിനാണ്. തൊപ്പി ഒഴിവാക്കി ടര്ബന് ധരിച്ചാല്‍ മാത്രം ഇത് മറികടക്കാനാകില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതാണ് ആപ്പിനെ കുഴക്കുന്നത്. എടുത്തുകാണിക്കാന്‍ സിഖ് മുഖമില്ലാത്തതാണ് പ്രശ്നം. ആപ്പിന്റെ എല്ലാമായി പാര്‍ട്ടി അവതരിപ്പിക്കുന്ന കെജ്രിവാള് ഹരിയാനക്കാരനാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സഞ്ജയ് സിംഗ് യുപി സ്വദേശിയും. നേതാക്കളില്‍ ഭൂരിഭാഗവും പഞ്ചാബിന് പുറത്തുള്ളവരാണ്. വലിഞ്ഞുകയറി വന്നവരെന്ന ആക്ഷേപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സിഖുകാരനല്ലാത്ത, പഞ്ചാബിന് പുറത്തുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കെജ്രിവാളിന് താല്പര്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് വ്യക്തമാക്കാന്‍ അമരീന്ദര്‍ കെജ്രിവാളിനെ വെല്ലുവിളിച്ചു.
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയ പ്രസംഗവും ഇതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി. മുഖ്യമന്ത്രി ആരായാലും പഞ്ചാബിന് നല്കിയ വാഗ്ദാനങ്ങള്‍ കെജ്രിവാള് യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു സിസോദിയയുടെ പരാമര്‍ശം. ഇതോടെ കെജ്രിവാളാകും മുഖ്യമന്ത്രിയെന്ന് പ്രചാരണമുണ്ടായി. പാര്‍ട്ടിയില്‍ എതിര്‍പ്പും ശക്തമായി. സിസോദിയയെ തള്ളി കെജ്രിവാളിന് തന്നെ രംഗത്ത് വരേണ്ടി വന്നു.
മുന്‍ സംസ്ഥാന കണ്‍വീനര്‍ സുഛ സിംഗ് ഛൊട്ടേപൂര് പഞ്ചാബിയായിരുന്നു. പണം വാങ്ങി സീറ്റ് വിറ്റ സുഛ സിംഗിനെ പ്രവര്‍ത്തകര്‍ ഒളികാമറയില്‍ കുടുക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നില്‍ കെജ്രിവാളാണെന്ന് വിശ്വസിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ട്. നട്ടെല്ലുള്ള പഞ്ചാബികളെ ദല്‍ഹി മുഖ്യമന്ത്രിക്ക് വേണ്ടെന്നും താളത്തിന് തുള്ളുന്ന പാവകളെയാണ് ആവശ്യമെന്നും നേതാക്കള്‍ തുറന്നടിച്ചിരുന്നു. വോട്ടെടുപ്പ് അടുക്കുമ്പോള്‍ ആരോപണങ്ങള്‍ക്ക് ശക്തി കൂടിവരുന്നുണ്ട്. ഇതിനിടെ ഭരണത്തിലേറിയാല്‍ ഉപമുഖ്യമന്ത്രി ദളിത് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് മറ്റൊരു പരീക്ഷണത്തിനും ആപ്പ് മുതിര്‍ന്നു.
മതവികാരത്തിനൊപ്പം നില്‍ക്കാനുള്ള സാധ്യതകളും എഎപി പരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടി പ്രകടനപത്രിക ഗുരുഗ്രന്ഥ സാഹിബ് പോലെ പരിശുദ്ധമാണെന്ന് ആപ്പ് നേതാവായ ആശിഷ് ഖേതന് വിശേഷിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് കേസെടുത്തത് ഇരുട്ടടിയായി. മുഖ്യധാരയിലില്ലാത്ത തീവ്ര സിഖ് സംഘടനകളുമായി എഎപി ബന്ധം പുലര്‍ത്തുന്നുമുണ്ട്. പത്താമത്തെ സിഖ് ഗുരുവായ ഗോവിന്ദ് സിംഗിന്റെ 350ാമത് ജന്മദിനാഘോഷത്തിന് ഇത്തവണ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു. ബിഹാര്‍ പാട്നയിലെ ഗുരുദ്വാര നേതാക്കളെക്കൊണ്ട് നിറഞ്ഞു.
ബാദലും അമരീന്ദറും കെജ്രിവാളും ഇവിടെ പ്രാര്‍ത്ഥനക്കെത്തി. പഞ്ചാബില്‍ നിന്നും പാട്നയിലേക്ക് പത്ത് ട്രെയിനുകളും നൂറ് ബസുകളും സൗജന്യ സര്‍വ്വീസ് നടത്തി. സര്‍ക്കാരിന് കീഴിലുള്ള ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളും സിഖ് മതഗ്രന്ഥം കീറിയെറിഞ്ഞതും തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: