അരൂര്‍: അരൂര്‍ പഞ്ചായത്തിലെ പ്ളാസ്റ്റിക് സംസ്ക്കരണ യന്ത്രം പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയാണ് ലക്ഷങ്ങള്‍ മുടക്കി പ്ളാസ്റ്റിക് സംസ്ക്കരണ യന്ത്രം വാങ്ങിയത്. എന്നാല്‍ ഇത് ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പുതുതായി വാങ്ങിയ ഈ യന്ത്രം പ്രവര്‍ത്തിക്കുമോ എന്നു പോലും പരിശോധിക്കാതെയാണ് ഉപേക്ഷിച്ചത്.
യന്ത്രം വാങ്ങിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് അരൂര്‍ പഞ്ചായത്തിന് നഷ്ടമായത്. എന്തുകൊണ്ടാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കാതിരുന്നത് എന്നതിന് വ്യക്തമായ ഉത്തരം നല്കുവാന് പോലും അന്നത്തെ ഭരണ സമിതിക്കായിട്ടില്ല.
മുമ്പ് അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പഴയ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ വരാന്തയില്‍ വച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമായതോടെ കെട്ടിടത്തിന്റെ അകത്ത് തള്ളിയിരിക്കുകയാണ്.
ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തത് കൊണ്ടാണ് പ്രവര്‍ത്തനം നടത്താത്തതെന്നാണ് പറയുന്നത്. യന്ത്രം വാങ്ങിക്കുന്നതിന് മുന്‍പ് സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കാതെ യന്ത്രം വാങ്ങിയത് ദുരൂഹതക്കിട വരുത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച അനേ്വഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് കിറ്റുകളും, പ്ളാസ്റ്റിക് വസ്തുക്കളും യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ ചെറിയ ചെറിയ മുത്തുകളായി പുറത്തു വരുമെന്നാണ് യന്ത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.
ഇതിന്റെ പ്രവര്‍ത്തനം അന്നത്തെ ജനപ്രതിനിധികളെ കാണിച്ച് വേണ്ട അനുവാദവും വാങ്ങിയിരുന്നു. ഈ യന്ത്രത്തിലൂടെ ഉത്പാദിപ്പിക്കുന്ന പ്ളാസ്റ്റിക് മുത്തുകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കമ്പനി ബന്ധപ്പെട്ട അധികൃതരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
യന്ത്രം അരൂര്‍ പഞ്ചായത്തില്‍ എത്തിയെങ്കിലും നാളിതു വരെ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുവാനോ യന്ത്രം പ്രവര്‍ത്തന സജ്ജമാക്കുവാനോ കഴിയാതിരുന്നത് കഴിഞ്ഞ ഭാരണ സമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും പിന്നീട് വന്ന ഇടതു പക്ഷ ഭരണ സമിതി ഈ വീഴ്ച പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: