Categories: Varadyam

സത്യസ്വരൂപനേ…

Published by

                                                                 സന്തോഷ്

സ്വാമിയേ… ശരണമയ്യപ്പോ, പമ്പാവാസനേ… ശരണമയ്യപ്പോ, സത്യസ്വരൂപനേ… ശരണമയ്യപ്പോ, പെട്ടന്ന് ശരണം വിളികള്‍ നിലച്ചു. നെച്ചിക്കാട്ട് അപ്പുകുട്ടന്‍ എന്ന ഗുരുസ്വാമിക്ക് വിശ്വസിക്കാനാവുന്നില്ല. ‘വിനു സ്വാമി, ഒന്നുകൂടി വിളിച്ചേ’ ഗുരുസ്വാമി വിനുവിനെ പിടിച്ചുകുലുക്കികൊണ്ട് പറഞ്ഞു. വിനു പിന്നെയും ഉറക്കെ വിളിച്ചു സ്വാമിയേ…ശരണമയ്യപ്പോ…

സന്തോഷ് എന്നാണ് പേരെങ്കിലും നാട്ടുകാര്‍ക്ക് അവന്‍ എന്നും വിനുവാണ്. പ്രായമായവര്‍ സ്‌നേഹത്തോടെ വിളിക്കുന്നതാകട്ടെ പൊട്ടന്‍ കുട്ടിയെന്നും. അതെ, മലപ്പുറം ജില്ലയിലെ മമ്പുറം കുന്നംകുലത്ത് പരേതനായ ബാലന്റെ മകന്‍ സന്തോഷ്. സംസാരശേഷിയില്ലാതെ മനസ്സില്‍ ശരണം വിളിച്ചുകൊണ്ട് സന്തോഷ് മലചവിട്ടാന്‍ തുടങ്ങിയിട്ട് 31 വര്‍ഷമായി. തന്റെ പ്രിയഭക്തനെ, കലിയുഗവരദനായ ശ്രീ മണികണ്ഠന്‍ മാറോട് ചേര്‍ത്തണച്ചു. അയ്യന്റെ അനുഗ്രഹം കിട്ടിയ സന്തോഷം ഉറക്കെ ഉറക്കെ ശരണം വിളിച്ചാണ് വിനു എന്ന സന്തോഷ് ലോകത്തെ അറിയിച്ചത്. വില്ലാളിവീരന്റെ അത്ഭുത പ്രവര്‍ത്തിയായി ചിത്രീകരിച്ച് ഇതിനെ വിലകുറച്ചുകാണാന്‍ മമ്പുറം നിവാസികള്‍ തയ്യാറല്ല. തങ്ങളുടെ പ്രിയപ്പെട്ട വിനുവിന് കൃത്യമായ ചികിത്സകൂടി നല്‍കി പൂര്‍ണ്ണമായും സംസാരശേഷി വീണ്ടെടുപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

                                           സന്തോഷ് കുടുംബത്തിനൊപ്പം

ജനുവരി ഏഴിനാണ് നെച്ചിക്കാട് അപ്പുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയ്‌ക്ക് യാത്രയായത്. എല്ലാവര്‍ഷവും മകരവിളക്ക് കണ്ടുതൊഴുകയെന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഒമ്പതാം തീയതി സന്നിധാനത്തെത്തി. നെയ്യഭിഷേകം കഴിഞ്ഞ് കര്‍പ്പൂരാഴി നടത്തുമ്പോഴായിരുന്നു ജന്മനാമൂകനും ബധിരനുമായ സന്തോഷ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശരണം വിളിച്ചത്. സംഭവമറിഞ്ഞതോടെ വിവിധ ദേശങ്ങളിലെത്തിയ അയ്യപ്പഭക്തര്‍ സന്തോഷിന്റെ ചുറ്റുംകൂടി. അപ്പോഴേക്കും പോലീസ് അയ്യപ്പന്മാര്‍ സന്തോഷിനേയും കൂട്ടരേയും മേല്‍ശാന്തിയുടെ അടുത്തെത്തിച്ചു. ചെറിയ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയ സന്തോഷിനെ നല്ല ഡോക്ടറെ കാണിച്ച് സ്പീച്ച് തെറാപ്പിക്ക് വിധേയമാക്കണമെന്ന് പറഞ്ഞ് മേല്‍ശാന്തി അനുഗ്രഹിച്ചു. സംസാരശേഷി തിരിച്ചുകിട്ടിയപ്പോള്‍ സന്തോഷ് നന്നായി വിയര്‍ത്തിരുന്നതായും ശരീരം ഐസ് പോലെ തണുത്തതായും ഗുരുസ്വാമി ഓര്‍ക്കുന്നു. പാണ്ടിത്താവളത്തിലെത്തി വിരിവെച്ച് 14ന് മകരവിളക്കും കണ്ടാണ് സംഘം മടങ്ങിയത്.

                       ആദ്യ മലകയറ്റംഅച്ഛന്റെ കൈപിടിച്ച്

 ആദ്യമായി അച്ഛനൊപ്പം ശബരിമലക്ക് പോയപ്പോള്‍ എടുത്ത ചിത്രം. നിലത്ത് ഇരിക്കുന്നതാണ് സന്തോഷ്‌

1982 ല്‍ മൂന്നാം വയസിലാണ് സന്തോഷ് ആദ്യമായി മലചവിട്ടിയത്. ആ പ്രദേശത്തുള്ളവരുടെ എല്ലാം ഗുരുസ്വാമിയായിരുന്ന അച്ഛന്റെ കൈപിടിച്ചായിരുന്നു ആദ്യ യാത്ര. ഇപ്പോള്‍ 38 വയസ്സായി. ഇടക്കെപ്പഴോ രണ്ട് വര്‍ഷം പോകാന്‍ സാധിച്ചില്ല.

ചെറുപ്പം മുതല്‍ ഈശ്വരീയ കാര്യങ്ങളില്‍ വലിയ താല്‍പര്യമായിരുന്നു വിനുവിനെന്ന് അമ്മ പറയുന്നു. തറവാട്ട് വക ക്ഷേത്രമായ കുന്നംകുലം ഇളഭഗവതി ക്ഷേത്രമുറ്റത്തായിരുന്നു സന്തോഷിന്റെ ബാല്യം.

             വെട്ടത്തുപീടിക ആഹ്ലാദ തിമിര്‍പ്പില്‍

അമ്മ ലീലയും ഭാര്യ സരിതയും മക്കളായ അനാമിക, അനൗഷിക എന്നിവരേക്കാള്‍ സന്തോഷത്തിലാണ് വെട്ടത്തുപീടിക ഗ്രാമം. സന്തോഷിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചു കഴിഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവരടക്കം സഹായ ഹസ്തവുമായി രംഗത്തുണ്ട്. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുമ്പന്തിയില്‍ തന്നെ സന്തോഷുണ്ടാകും. കല്യാണം, മരണം തുടങ്ങി എല്ലാ സ്ഥലത്തും സന്തോഷ് കര്‍മ്മനിരതനാണ്. സംസാരശേഷിയില്ല എന്നത് അതിനൊരു തടസമല്ല. വെട്ടുകല്ലിന്റെ ജോലിയാണ്. അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ പൊന്നുപോലെ നോക്കുന്ന മികച്ച ഗൃഹനാഥനാണ് സന്തോഷ്. സഹോദരങ്ങളായ ഷണ്‍മുഖന്‍, രജനി, രൂപേഷ് എന്നിവരും സന്തോഷത്തിലാണ്.

             അടുത്തവര്‍ഷം ശരണം വിളിച്ച് മലചവിട്ടും

ഇത് വിനുവിന്റെ വാശിയല്ല, ഒരു നാടിന്റെ ആഗ്രഹമാണ്. എത്രയും വേഗം നല്ല ചികിത്സ നല്‍കി സംസാരശേഷി പൂര്‍ണ്ണമായും നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. അതിനിടെ നവമാധ്യമങ്ങളിലൂടെ ചിലര്‍ ശബരിമലയില്‍ വെച്ച് സംസാരശേഷി കിട്ടിയെന്നത് കള്ളത്തരമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തിന് നേരെ എന്നും കണ്ണടച്ചിട്ടുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായവരാണ് ഇതിന് പിന്നിലും. അങ്ങനെ ചെയ്യുന്നവരോട് ഈ നാട്ടുകാര്‍ക്ക് ഒന്നേ പറയാനുള്ളൂ, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by