വിറയ്ക്കുന്ന കാലുകള്‍….
ഭിത്തിയില്‍ ചാരി നിന്ന് കരയുകയാണ് ഉണ്ണി. ഭയം അവന്റെ ശബ്ദത്തെ വിഴുങ്ങി. നിലത്ത് കിടന്ന്പിടയ്ക്കുന്ന അശോകന് മാഷിന്റെ കഴുത്തില്‍നിന്നും ഒഴുകി വരുന്ന ചോര, ആ പന്ത്രണ്ട് വയസ്സുകാരന്റെ പാദത്തില്‍ സ്പര്‍ശിച്ചു. ഒരു ആഘാതം പാദത്തില്നിന്നും തലച്ചോറില്‍ എത്തി.
”ഉണ്ണീ….”
മാഷ് ദേഷ്യപ്പെട്ട് വിളിച്ചത് പോലെ തോന്നി. അതുംഓര്മ്മകളുടെ അങ്ങേയറ്റത്ത് നിന്ന് ചികഞ്ഞെടുത്തത്. എത്ര ദേഷ്യച്ചാലും അവസാനം ഒന്നു ചിരിക്കും. അതാണ് മാഷ്. കഴിഞ്ഞ ദിവസം കാണാതെ പഠിച്ചുകൊണ്ടുവരാന്‍ പറഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കന്മാരുടെ പേരുകള്‍ പഠിച്ചില്ലാ. ഈ മനസിന്റെ വലുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്നതായിരുന്നില്ല അശോകന് എന്ന അദ്ധ്യാപകന്.
”പോ… പോയി ഏറ്റവും പിന്നില്‍ ഭിത്തിയില്‍ ചാരി നിന്നോളു. ഉണ്ണി….” മാഷ് പറഞ്ഞു.
പിന്നെ അടുത്ത ചോദ്യവുമായി ആമിനയ്ക്ക് നേരെ തിരിഞ്ഞു. ആമിന ഉത്തരം പറയുന്നത് കേട്ട് നില്‍ക്കെ….
പെട്ടെന്ന്….
അശോകന് മാഷ് ആദ്യമായി ക്ലാസിലെത്തിയപ്പോള്‍ ഏറെ ഭയപ്പെട്ടത് സുലൈമാനാണ്. എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം സ്വയം പരിചയപ്പെടുത്തി. ക്ലാസില്‍ നിന്ന് മാഷ് ഇറങ്ങിപ്പോകുമ്പോള്‍, എല്ലാവരും സുലൈമാനു ചുറ്റും കൂടി. അന്ന് സുലൈമാന്‍ പറഞ്ഞത് ഉണ്ണിയ്ക്ക് മനസിലായില്ലാ….
”മാഷ് ആറെസെസ്സാണ്……”
സുലൈമാന്‍ പിന്നെയും കുറേ കാര്യങ്ങള്‍ കൂടി എല്ലാവര്ക്കും പറഞ്ഞുകൊടുത്ത് അവസാനം ഇങ്ങനെ പറഞ്ഞു ”ഇതെല്ലാം എന്റെ ബാപ്പ പറഞ്ഞതാണ്….” ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഉണ്ണി, വാസുവിനോട് ചോദിച്ചു ”അെതാക്കെ നേരാണോ….”
”അറിയില്ലാ….” വാസു പറഞ്ഞു.
അടുത്ത ദിവസം ആമിന, മാഷിനോട് നേരിട്ടു തന്നെ ചോദിച്ചു.
”മാഷ്ന്റെ കയ്യില്‍ ചൂരലിന് പകരം ശൂലമാണെന്ന് വാസു പറഞ്ഞല്ലോ….”
മാഷ് ചിരിച്ചു. ഉണ്ണി, വാസുവിനെ നോക്കി. മാഷിനെ ഒന്നു നോക്കിയിട്ട് വാസു, ഉണ്ണിയുടെ ചെവിയില്‍ പറഞ്ഞു.
”സത്യമാ… ഇന്നലെ എന്റെ അച്ഛന് പറഞ്ഞതാ….”
ഉണ്ണി, മാഷിനെ തന്നെ നോക്കി ഇരുന്നു.
അശോകന് മാഷിന്റെ ചിരി, അത് മനസില്‍നിന്നും മായുന്നില്ല. എത്ര ദേഷ്യപ്പെട്ടാലും അവസാനം ചിരിക്കുന്ന ആ ചിരി. ആ ചിരി ഉണ്ണിയുടെ തലച്ചോറിന്റെ നാനാഭാഗത്തും വന്നിടിച്ചു.
ഏതാനും പിടച്ചില്‍ കൂടി….പിന്നെ ലക്ഷ്യം വിദൂരതയിലേക്ക്….മാഷിന്റെ വിശ്വാസ ആദര്‍ശങ്ങളെ തുറിച്ച് നോക്കി അനങ്ങാതെ കിടന്നു.
വാസു. വാസുദേവന്‍ എന്ന അവന്റെ മുഴുവന്‍ പേര്. അവന്റെ അച്ഛന് കമ്മ്യൂണിസ്റ്റാണ്. കള്ള് ചെത്താണ് തൊഴില്‍. ഒരിക്കല്‍ അയാള്‍ ക്ലാസില്‍ വന്ന് ബഹളം ഉണ്ടാക്കി. അശോകന് മാഷ് കുട്ടികള്‍ക്ക് വേണ്ടാത്ത കഥകളാണ് പറഞ്ഞ് കൊടുക്കുന്നത്. പുസ്തകത്തില്‍ ഉള്ളതൊന്നും പഠിപ്പിക്കുന്നില്ലാ. ഇങ്ങനെയാണെങ്കില്‍ വാസൂനെ ഇനി പഠിക്കാന്‍ വിടത്തില്ലെന്നും….
അപ്പോഴും മാഷ് ചിരിച്ചു. അച്ഛന് പൊയ്ക്കഴിഞ്ഞപ്പോള്‍ വാസു പറഞ്ഞു.
”മത്സരത്തിനു വേണ്ടി വന്ദേമാതരം ചൊല്ലി പഠിച്ചപ്പോള്‍ അച്ഛന് ദേഷ്യച്ചു.”
വാസു കരഞ്ഞു. മാഷ് അവനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.
”ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലാ… ശക്തരായിരിക്കണം…ധീരന്മാരായിരിക്കണം… കാരിരുമ്പിന്റെ കരുത്തുള്ളവരായിരിക്കണം….” പിന്നെ ഒരു സ്വാമി വിവേകാനന്ദന്റെ കുറേ കഥകള്‍ മാഷ് പറഞ്ഞു.
ദിവസവും പുതിയ കഥകള്‍ പിന്നെയും വന്നു. ക്ലാസുകള്‍ പറമ്പിലെ മരത്തിനു ചുവട്ടിലായി.
പക്ഷെ….ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞ് മയങ്ങുന്ന സാറിന്റെ ബാഗില്‍ ആമിന ശൂലം തിരക്കി. അവള് തിരിച്ച് ക്ലാസില്‍ എത്തിയപ്പോള്‍ എല്ലാവരും അവള്‍ക്കൊപ്പം കൂടി.
”ശൂലം കണ്ടോ…..”
അടുത്ത ദിവസം ക്ലാസില്‍ ശൂലത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരം. അശോകന് മാഷ് വരാന്‍ എല്ലാവരും കാത്തിരുന്നു. കാരണം. തലേന്ന് രാത്രിയില്‍ കാവില്‍ നടന്ന തെയ്യം, ശൂലംകൊണ്ട് ഒരാളെ കുത്തിക്കൊന്നു. മാഷ് എത്തിയതും ആമിനാ ചോദിച്ച് തുടങ്ങി.
”തെയ്യം കുത്തിയിട്ടും അയാളെന്താ…ചാകാത്തത്..”
”ആദ്യം അയാള്‍ അലറി വിളിച്ച് ചത്തതാണല്ലോ….പിന്നെ…. പിന്നെ എങ്ങനെയാ….ജീവിച്ചത്…?
എന്തിനാ കൊന്നത്….?
ചോദ്യങ്ങള്‍… ഉത്തരം കിട്ടുമെന്ന പ്രതീക്ഷയില്‍ എല്ലാവരും മാഷിനെ തന്നെ നോക്കി.
വാസു മാത്രം ഒന്നും മിണ്ടിയില്ലാ. സങ്കടം കരഞ്ഞ് തീര്‍ത്ത മുഖവുമായി കുനിഞ്ഞിരുന്നു.
”എന്റെ അച്ഛന് കമ്മ്യൂണിസ്റ്റായത് കൊണ്ട് എനിക്കും അമ്മയ്ക്കും കാവില്‍ പോകാനും തെയ്യം കാണാനും പറ്റില്ലാ….” വാസു പറഞ്ഞു.
മാഷ് പതിവ് ചിരി ചിരിച്ചു. പിന്നെ പറഞ്ഞു.
”കാവിലെ തെയ്യം മനുഷ്യര്‍ അഭിനയിക്കുന്നതാണ്… ആരും ആരെയും കൊല്ലില്ലാ…. ധര്‍മ്മം അധര്‍മ്മത്തിനുമേല്‍ വിജയം നേടുകയാണ്. കള്ളത്തരങ്ങള്‍ക്ക് മേല്‍ സത്യം വിജയിക്കുകയാണ്. അസുരന്മാരെ കാളിദേവി കൊല്ലുന്നു. സത്യം ജയിക്കുന്നു.”
ആര്‍ക്കും ഒന്നും മനസിലായില്ലാ. എല്ലാവരും മാഷ്നെ തന്നെ നോക്കി. കണ്ണീച്ച പാറുന്ന ആ ചെറിയ ഗുഹാമുഖം തുറന്നിരുന്നു.
വൈകുന്നേരം സ്കൂള്‍ വിട്ട് പോകുമ്പോള്‍ ഉണ്ണിയോട് വാസു പറഞ്ഞു.
”നമ്മുടെ മാഷ് കൊല്ലും…. രാവിലെ നമ്മളെ പഠിപ്പിച്ചിട്ട് രാത്രിയില്‍ അമ്പലപ്പറമ്പില്‍ വേറെ ചില ആളുകള്‍ക്ക് ക്ലാസ് എടുക്കുന്നുണ്ട്…”
”എന്ത് ക്ലാസ്….” ഉണ്ണി ചോദിച്ചു.
”ആ… അതൊന്നും അറിയില്ല. ഇന്നലെ സന്ധ്യയ്ക്കു അമ്മ പറഞ്ഞിട്ട് ചീനി വാങ്ങാന്‍ രാമന്നായരുടെ കടയില്‍ പോയിരുന്നു. തിരികെ വന്നപ്പോള്‍ കണ്ടതാ…”
ഉണ്ണി, വാസൂനെ നോക്കി. മാഷിനെ പോലെ ചിരിയ്ക്കാന്‍ ശ്രമിച്ചു.
അടുത്ത ദിവസം ക്ലാസില്‍ ആമിനയും പറഞ്ഞു.
”ഞാനും കണ്ടതാ…അന്ന് ശൂലം നോക്കിയപ്പോള്‍ ബാഗില്‍ ഒരു കാക്കി നിക്കര്‍….”
എല്ലാവരും മാഷിനെ പ്രതീക്ഷിച്ചിരുന്നു. നിശബ്ദത. മാഷ് ക്ലാസില്‍ എത്തിയിട്ടും ആരും മിണ്ടുന്നില്ലാ….
”എന്താ ആരും ഒന്നും മിണ്ടാത്തത്…” മാഷ് ചോദിച്ചു.
ആമിന തന്നെ എഴുന്നേറ്റു. പെണ്‍കുട്ടികള്‍ക്കിടയിലെ ധൈര്യക്കാരി.
”മാഷെ എന്തിനാ ആ കാക്കി നിക്കര്‍ കൊണ്ട് നടക്കുന്നേ….”
വേഗം ഉണ്ണിയും എഴുന്നേറ്റു. ക്ലാസിലെ മുഴുവന്‍ കണ്ണുകളെയും ഉണ്ണി എതിരേറ്റു.
”ന്റെ വീടിന്റെ അപ്പുറത്തെ അപ്പുചേട്ടനെ മാഷ് അറിയുമോ, മാഷിനെ അറിയുമെന്ന് അപ്പുചേട്ടന്‍ പറഞ്ഞല്ലോ….”ഉണ്ണി പറഞ്ഞു.
ഗ്രാമത്തിലെ ഒരു സേവന പ്രവര്‍ത്തകനാണ് അപ്പു. മൂന്ന് കൊല്ലം മുന്‍പ് സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം മഴയത്ത് തകര്‍ന്ന് വീണപ്പോള്‍ അപ്പുവിന്റെ നേതൃത്വത്തിലായിരുന്നു സേവന പ്രവര്‍ത്തനം. അന്ന് മുതല്‍ അപ്പു ഗ്രാമവാസികളുടെ പ്രിയ അപ്പുവേട്ടനായി.
മാഷ് എഴുന്നേറ്റ് സംസാരിച്ചു.
”ആമിനാ നീ ഒരു ധൈര്യശാലിയാണല്ലോ….ഝാന്‍സിറാണിയെ പോലെ…”
എന്നും ഭാരതത്തിലെ ഇതിഹാസ വ്യക്തിത്വങ്ങളുമായി കൂട്ടിയിണക്കി കഥകള്‍ പറഞ്ഞ് കുരുന്ന് മനസ്സുകളില്‍ ധാര്‍മ്മിക ജീവിതത്തിന്റെ വഴികാട്ടിയായിരുന്നു അശോകന് മാഷ്.
അന്ന് വാസുവിന്റെ പിറന്നാളായിരുന്നു. അന്നും വാസു കരഞ്ഞു.
”പിറന്നാളായിട്ടും കാവില്‍ പോകാന്‍ പറ്റാത്തതിന്റെ സങ്കടമാ…”
ഉണ്ണി പറഞ്ഞു.
”അതിനെന്താ നിന്റെ പേര് ഭഗവാന് ശ്രീകൃഷ്ണന്റേതാണല്ലോ….
ഭഗവാന്റെ മറ്റൊരു പേരാണ് വാസുദേവന്‍….”
മാഷ് അവനെ ആശ്വസിപ്പിച്ചു.
വൈകിട്ട് ഉണ്ണിയും വാസുവും അമ്പലപ്പറമ്പില്‍ ആലിന്റെ മറവില്‍ ഒളിച്ച് നിന്നു. മാഷ് എന്താ അവിടെ ചെയ്യുന്നത് എന്ന് നോക്കാന്‍.
നേരമായി. മാഷ് വന്നു. ബാഗ് തുറന്ന്, കാക്കി നിക്കറിട്ടു. ഒളിച്ചിരുന്ന ഉണ്ണിയും വാസുവും പരസ്പരം നോക്കി. പിന്നെ ഓടി വേഗത്തില്‍.
രാത്രി. ഉമ്മറത്ത് പഠിക്കുവാന്‍ പുസ്തകവുമായി ഇരുന്നെങ്കിലും ഉണ്ണിയുടെ മനസില്‍ പേരുകള്‍ വന്നു പോയി.
വിജയന്….വാസു…കണ്ണന്….കാര്ത്തികേയന്…രാമന്‍കുട്ടി…റഹ്മാന്…നാസര്‍…ആമിനാ… അപ്പോള്‍ ഇതെല്ലാം ദൈവങ്ങളുടെ പേരാണോ….?
മാഷിന്റെ പേരിന്റെ അര്‍ത്ഥം എന്താ….?
രാവിലെ ഉണ്ണിയുടെ വീട്ടില്‍ എത്തി വാസു. ഉണ്ണിയുടെ ചെവിയില്‍ വാസു ഒരു രഹസ്യം പറഞ്ഞു. ഇരുവരും പരസ്പരം നോക്കി. കണ്ണുകള്‍ക്കിടയിലെ ശൂന്യത ഭയത്തിനു വഴിമാറി.
ക്ലാസില്‍ എത്തി ഇരുവരും നിശബ്ദമായി ഇരുന്നു. മാഷ് ക്ലാസില്‍ എത്തി. ഉണ്ണി വാസുവിനെ നോക്കി. മാഷ് എന്തെങ്കിലും പഠിപ്പിക്കും മുന്‍പ് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന് ഉണ്ണി, മാഷിനെ കെട്ടിപ്പിടിച്ചു.
”ന്റെ മാഷ്… പാവമാ….”
ക്ലാസില്‍ ഉണ്ണിയുടെ കരച്ചില് മാത്രം. വാസുവിന്റെയും കണ്ണ് നിറഞ്ഞു. മാഷ് ഉണ്ണിയെ ചേര്‍ത്ത് പിടിച്ചു. ആ കുരുന്ന് മനസില്‍ തന്റെ സ്ഥാനം എന്താണെന്ന് മാഷ് അറിയുകയായിരുന്നു. അശോകന് എന്ന അധ്യാപകന് ഒരു ശതമാനം എങ്കിലും വിജയിച്ചതായി അയാള്‍ക്ക് തോന്നി.
പിന്നെ ഏതാനും ദിവസം മാഷ് ക്ലാസില്‍ വന്നില്ലാ. കഥകള്‍ കേള്‍ക്കാത്ത ദിനങ്ങള്‍. ഉണ്ണിയുടെ മനസ് കാറ്റിനെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. മാഷിന്റെ പേരിന്റെ അര്‍ത്ഥം തേടി അശോകന് എന്ന വാക്കിന്റെ അര്‍ത്ഥം തേടി….
മാഷ് തിരികെ ക്ലാസില്‍ എത്തി. ഉണ്ണിയുടെ ചോദ്യത്തിന് ഉത്തരവും.
”ശോകം അകറ്റുന്നവന്‍….”
പക്ഷെ ഉണ്ണിയുടെ സഞ്ചാരം തുടര്‍ന്നു.
”ആരുടെ ശോകം….?
ഇന്ന് അത് ചോദിക്കണം. ‘അശോകന് ആരുടെ ശോകം അകറ്റുന്നവന്‍.’ തലേന്ന് കാണാതെ പഠിക്കാന്‍ പറഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കന്മാരുടെ പേരുകള്‍ ഒന്നും പഠിച്ചില്ല.
ഉത്തരം പറയാതെ എഴുന്നേറ്റ് തലകുനിച്ച് നിന്നപ്പോള്‍ പോയി പിന്നില്‍ നില്ക്കാന് പറഞ്ഞു.
ആമിന പറയുന്ന ഉത്തരം കേട്ടുകൊണ്ട് നില്‍ക്കെ മാഷിനു മുന്നിലേക്ക്, അലറി വിളിച്ച് മരിച്ച് വീണവര്‍ ചാടി എഴുന്നേറ്റ് വന്നു. ചോര കുടിയ്ക്കാന്‍ കൊതി മൂത്ത നാവുകളില്‍ ശീലംകാരം. ഉറഞ്ഞുതുള്ളിയ തെയ്യം ഒടുവില്‍ ബോധം കെട്ടുവീണു.
പാലിനേക്കാള്‍….അമൃതിനേക്കാള്‍… സ്വാദ് ചോരയ്ക്ക്.
രാക്ഷസന്മാര് പൊട്ടിചിരിച്ചു.
ഉണ്ണിയുടെ തലച്ചോറിന്റെ ഒരറ്റത്ത് അശോകന് എന്ന വാക്ക് തുടിയ്ക്കുന്നു. അര്‍ത്ഥത്തിനു വേണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: